വാഗ്ദത്ത മിശിഹായുടെ വരവ്: പ്രവചനം പൂർത്തിയായി

ആകാശത്തേക്ക് എടുക്കപ്പെട്ടു എന്നും ആകാശത്തുനിന്നും വീണ്ടും വരും എന്നും പ്രവചനം ചെയ്യപ്പെട്ട പ്രവാചകന്മാർ ആരും തന്നെ ആകാശത്തു നിന്നും ഇറങ്ങിവന്നതായി വേദപുസ്തകമോ ചരിത്രമോ പറയുന്നില്ല.

ഏലിയാ പ്രവാചകന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവചനം പൂർത്തിയായ പ്രകാരം തന്നെ യേശു മിശിഹായുടെ രണ്ടാം വരവിനെക്കുറിച്ചുളള പ്രവചനവും പൂർത്തിയായി.

യഹൂദികൾ വിശ്വസിച്ചിരുന്നത് ഏലിയാ പ്രവാചകൻ (ഇൽയാസ് നബി) ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ മസീഹിന്റെ ആഗമനത്തിനു മുമ്പായി ഏലിയാ പ്രവാചകൻ ആകാശത്ത് നിന്ന് ഇറങ്ങി വരും എന്നായിരുന്നു.

ഏലിയാ പ്രവാചകന്‍ ആകാശത്തേക്ക് എടുക്കപ്പെട്ടു എന്നു വിശ്വസിക്കാന്‍ കാരണമായ ബൈബിള്‍ വാക്യം കാണുക:

“അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി” – (2.രാജാക്കന്മാർ 2:11)

ആകാശത്തേക്കു എടുക്കപ്പെട്ട ഏലിയാ പ്രവാചകന്‍ വീണ്ടും വരും എന്ന് വിശ്വസിക്കാന്‍ കാരണമായ ബൈബിള്‍ വാക്യം ശ്രദ്ധിക്കുക:

“യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.” – (മലാഖി 4:5)

ആകാശത്തു നിന്നു വരുവാനുള്ള ഏലിയാ പ്രവാചകന്റെ നിയോഗം മറ്റൊരു വ്യക്തിയില്‍ അഥവാ യോഹന്നാൻ സ്നാപകനില്‍ (യഹ്‌യാ നബിയിൽ) പൂര്‍ത്തിയായതായി യേശു മിശിഹ തന്റെ ജനത്തോട് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന വാക്യങ്ങൾ ഇനി നോക്കുക:

“നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവു അവൻ (യോഹന്നാൻ) തന്നേ.” – (മത്തായി 11:14)

യേശു മിശിഹ വീണ്ടും അവര്‍ക്ക് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കി കൊടുക്കുന്നത് ശ്രദ്ധിക്കുക:

“എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. ‘അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു’ എന്നു ഉത്തരം പറഞ്ഞു.” – (മത്തായി 17:12)

യേശു മിശിഹായുടെ രണ്ടാം ആഗമനത്തിലും ഇപ്രകാരമുള്ള കഷ്ടാനുഭവങ്ങൾ സഹിക്കേണ്ടി വരുമെന്നു യേശു മിശിഹ തുടർന്നു പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക:

“അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു ” എന്നു ഉത്തരം പറഞ്ഞു.’ – (മത്തായി 17: 12)

മുകളിൽ കൊടുത്ത വേദവചനങ്ങളിൽ നിന്നും നമ്മുക്കു മനസ്സിലാക്കാൻ കഴിയുന്നത് ആകാശത്തുനിന്നും പ്രതീക്ഷിച്ചിരുന്ന ഏലിയാ പ്രവാചകന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവചനം മറ്റൊരു വ്യക്തിയായ യോഹന്നാൻ സ്നാപകനിൽ പൂർത്തിയായ പ്രകാരം തന്നെയായിരിക്കും ആകാശത്തു നിന്നും പ്രതീക്ഷിക്കുന്ന യേശു മിശിഹായുടെ രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവചനവും പൂർത്തിയാവുക എന്നതാണ്.

എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. ‘അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു” – (മത്തായി 17:12) എന്നു പറയപ്പെട്ടതു യേശു മിശിഹായുടെ രണ്ടാം വരവിലും സംഭവിച്ചു കഷ്ടം അനുഭവിക്കുന്നു ..

Leave a comment

Design a site like this with WordPress.com
Get started