പാപങ്ങളിൽ നിന്ന് രക്ഷപ്പെട്ടുള്ള ജീവിതം ഒരു വിളങ്ങുന്ന വൈഢൂര്യം
പാപപങ്കിലമായ അവസ്ഥകളിൽനിന്ന് രക്ഷപ്പെട്ടുകൊണ്ട് ലഭ്യമാകുന്ന പരിശുദ്ധമായ ജീവിതം ഒരു *വിളങ്ങുന്ന വൈഢൂര്യമാകുന്നു.* അത് ആരുടെ കയ്യിലുമില്ല. എന്നാൽ ആ *പകിട്ടാർന്ന വൈഢൂര്യം* പരമോന്നതനായ ദൈവം എനിക്ക് തന്നരുളിയിരിക്കുന്നു. ലോകത്തിനു ആ *വൈഢൂര്യം* ലഭ്യമാകുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുന്നതിനായിട്ടത്രേ ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. ആ വഴിയിൽ ചരിച്ചുകൊണ്ട് ഒരു വ്യക്തി സുനിശ്ചിതം അത് കരസ്ഥമാക്കുന്നതാണെന്ന് ഞാൻ ശക്തമായി ഉദ്‌ഘോഷിച്ചുകൊള്ളുന്നു. പ്രസ്തുത വൈഢൂര്യം ലഭ്യമാകുന്ന വഴി ഒരേയൊരു വഴിതന്നെയാണ്. അതിനെ *അല്ലാഹുവിന്റെ യഥാർത്ഥ മഅ്‌രിഫത്ത്* അഥവാ *ദൈവജ്ഞാനം* എന്നുവിളിക്കുന്നു. ഈ പ്രശ്നം ഏറെ ദുഷ്കരവും സൂക്ഷ്മവുമാണ്. എന്തെന്നാൽ അത് ഒരു പ്രയാസകരമായ സംഗതിയിലധിഷ്ഠിതമാണ്. തത്ത്വചിന്തകർ ആകാശഭൂമികളും മറ്റു സൃഷ്ടിപ്പുകളിലെ സുദൃഢവും സുഭദ്രവുമായ ചിട്ടപ്പെടുത്തലുകളും ദർശിച്ചുകൊണ്ട് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കേണ്ടതാണെന്നുമാത്രം (അനുമാനിച്ച്)പറയുന്നു. പക്ഷേ, ഞാൻ അതിനേക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് കൊണ്ടുപോവുകയും എന്റെ വൈയക്തികമായ അനുഭവത്തിന്റെ വെളിച്ചത്തിൽ *ദൈവം ഉള്ളവൻ തന്നെയാണെന്ന്* പറയുകയും ചെയ്യുന്നു. (മൽഫൂദാത്ത് വാ.1, പേ.12) 🔹 _*നമ്മുടെ ദൈവം സർവ്വശക്തനായ ദൈവം*_ തന്റെ സത്യസന്ധനായ ദാസനെ അവൻ ഒരിക്കലും പാഴാക്കിക്കളയുകയില്ലെന്ന സുദൃഢമായ വിശ്വാസമാണ് നമുക്ക് ദൈവത്തിലുള്ളത്. ഹദ്റത്ത് ഇബ്റാഹീം (അ) (നു ഉണ്ടായ അനുഭവം) പോലെ അവൻ അഗ്നിയിൽ എറിയപ്പെട്ടാലും അഗ്നിക്ക് അവനെ ദഹിപ്പിക്കാനാകില്ല. ഒന്നല്ല ആയിരം അഗ്നികളാലും അവന്റെ ദഹനം അസാധ്യമായിരിക്കും എന്നതുതന്നെയാണ് നമ്മുടെ മതം. സത്യവാനായ ദാസൻ അതിൽ ഇടപ്പെടുമ്പോൾ നിശ്ചയമായും (അതിനെ അതിജീവിച്ച്) രക്ഷപ്പെടുന്നതാണ്. ദൈവം നമ്മെ ചുമതലപ്പെടുത്തിയിരിക്കുന്ന ഈ ജോലികൾക്കെതിരിൽ ശത്രുക്കൾ നമ്മെയും തീയ്യിലേക്കെറിഞ്ഞാൽ തീർച്ചയായും തീക്ക് നമ്മെ എരിച്ചുകളയാനാവുകയില്ല. സിംഹക്കൂട്ടിലേക്കാണ് എറിയപ്പെടുന്നതെങ്കിൽ സിംഹത്തിനു നമ്മെ തിന്നാനാവുകയില്ല. ഞാൻ ദൃഢമായും പറയുന്നു, സത്യവാനെ സഹായിക്കാൻ സാധിക്കാത്ത ദൈവമല്ല നമ്മുടെ ദൈവം. മറിച്ച് *നമ്മുടെ ദൈവം സർവ്വശക്തനായ ദൈവമാകുന്നു.* അവൻ അവന്റെ സത്യദാസനും മറ്റുള്ളവർക്കുമിടയിൽ വ്യതിരിക്തത ഉണ്ടാക്കുന്നതാണ്. അങ്ങനെയല്ലെങ്കിൽ പിന്നെ ദുആയും ഒരു വ്യർത്ഥസംഗതി ആയിത്തീരുന്നതാണ്. ഞാൻ സത്യമായും പറയുന്നു, ദൈവത്തെ സംബന്ധിച്ച് ഞാൻ എന്തൊക്കെയാണോ വിവരിക്കുന്നത്, അവന്റെ ശക്തികളും കഴിവുകളും, അതിനേക്കാൾ കോടിക്കണക്കിനു മടങ്ങ് മഹത്തരമത്രെ. അവ വിവരിക്കാൻ നമുക്ക് സാധ്യമല്ല. ക്കയിലെ ഖുറൈശികൾ നബികരീം(സ) തിരുമേനിയെ പിടിച്ച് തീയ്യിലിട്ടിരുന്നെങ്കിൽ ആ തീക്ക് ഒരിക്കലും അങ്ങയെ ദഹിപ്പിക്കാൻ കഴിയുമായിരുന്നില്ല എന്നതു(തന്നെയാണ്) നമ്മുടെ വിശ്വാസം. കേവലം അഗ്നിക്ക് അതിന്റെ സ്വാധീനരഹിതമായ അവസ്ഥ ഉണ്ടാകാറില്ല എന്ന (ഭൗതിക ശാസ്ത്രത്തിന്റെ) അടിസ്ഥാനത്തിൽ ആരെങ്കിലും ഇതിനെ നിഷേധിക്കുകയാണെങ്കിൽ അവൻ നീചനും കാഫിറുമാകുന്നു. എന്തെന്നാൽ മഹാനായ ദൈവം ആ മുഴുവൻ ശത്രുക്കളെയും സംബോധന ചെയ്തുകൊണ്ട് _*’ഫകീദൂനീ ജമീയാ’*_ (ഹൂദ്. 56) അതായത്, നിങ്ങളെല്ലാവരും ചേർന്ന് തന്ത്രങ്ങൾ പ്രയോഗിച്ചുനോക്കുവിൻ ഞാൻ അദ്ദേഹത്തെ തീർച്ചയായും രക്ഷപ്പെടുത്തുന്നതാണെന്ന് അരുളിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ, പിന്നെ അഗ്നിയിലെറിയപ്പെട്ടാൽ നൗഊദുബില്ലാ കത്തിയെരിഞ്ഞു പോകുന്നതാണെന്ന് ആരെങ്കിലും ഊഹിക്കുക പോലും ചെയ്താൽ അത് കുഫ്റ് ആകുന്നു. *വിശുദ്ധ ഖുർആൻ സത്യമാകുന്നു.* *അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു.* അവർ നബി(സ) തിരുമേനിയുടെ ജീവനെടുക്കാൻ ഏതുതരത്തിലുള്ള അടവുകൾ പ്രയോഗിച്ചിരുന്നെങ്കിലും – അത് ക്രൂശിക്കലാകട്ടെ, തീയ്യിലിടലാകട്ടെ – ദൈവം സംരക്ഷിച്ചുകാട്ടിയതുപോലെ എല്ലാ ദണ്ഡനങ്ങളിൽനിന്നും സംരക്ഷിക്കുകയും ഒടുക്കം മുഹമ്മദ് റസൂലുല്ലാഹ് (സ) തിരുമേനി സത്യവാനാണെന്ന് സ്ഥാപിതമായിക്കഴിഞ്ഞതു പോലെത്തന്നെ (ആ ഘട്ടത്തിലും) സ്ഥാപിതമാവുകയും ചെയ്യുമായിരുന്നു. ദൈവത്തെ തിരിച്ചറിയാനുള്ള ഏതൊരു ഘട്ടത്തിലേക്കാണോ നാം നമ്മുടെ ജമാഅത്തിനെ കൈപിടിച്ചുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നത് ആ അത്യുന്നതമായ ഘട്ടം ഇതുതന്നെയാകുന്നു. ഇൻ ശാ അല്ലാഹുതആല പതിയെ പതിയെ എല്ലാം സംഭവിച്ചുകാണുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. (മൽഫൂദാത്ത് വാ. 2, പേ. 218)
(Post no: 239)
➖➖➖➖➖➖➖➖➖➖➖ ത്വാലിബെ ദുആ: അബു-അയ്മൻ
