നമസ്കാരം കൃത്യനിഷ്ഠയോടെ നിത്യം അനുഷ്ഠിക്കുക 


ഹദീസിൽ വന്നിരിക്കുന്നു, മുസീബത്തുകൾ വന്നുഭവിക്കുന്നതിന് മുമ്പ് ചെയ്യപ്പെടുന്ന ദുആകളാണ് സ്വീകരിക്കപ്പെടുന്നത്. എന്തെന്നാൽ, അപായങ്ങളും ഭയപ്പാടുകളും നിറഞ്ഞ അവസ്ഥകളിലാണെങ്കിൽ ഏവർക്കും പ്രാർത്ഥിക്കുവാനും ദൈവഭക്തിയിലേക്ക് തിരിയുവാനും സാധിക്കുന്നതാണ്. സമാധാനാവസ്ഥയിൽ പ്രാർത്ഥിക്കുക എന്നതാണ് സൗഭാഗ്യകരമായ കാര്യം. അപായങ്ങളിൽ അകപ്പെട്ടുകഴിഞ്ഞിട്ടുള്ള ജനങ്ങളെ കണ്ടുകൊണ്ട് മനുഷ്യൻ പാഠമുൾക്കൊള്ളേണ്ടതാണ്. [അത്തരം അപകടങ്ങൾ തങ്ങളിലേക്കും വ്യാപിക്കുന്നതിന്] മുമ്പ് അല്ലാഹുവിന്റെ അഭയത്തിൻ കീഴിൽ വന്നിടേണ്ടതാണ്. നമസ്കാരം കൃത്യനിഷ്ഠയോടെ നിത്യം അനുഷ്ഠിക്കുക. ചിലർ ഒരുനേരം മാത്രം നമസ്കരിക്കുന്നു. നമസ്കാരത്തിനു മാപ്പില്ലെന്നുള്ളത് ഓർക്കേണ്ടതാണ്.‌ പ്രവാചകന്മാർക്ക് പോലും അതിൽ ഇളവ് നൽകപ്പെട്ടിട്ടില്ല. ഒരുകൂട്ടം ജനങ്ങൾ നബികരീം (സ) തിരുമേനിയുടെ അടുക്കൽ വന്ന് നമസ്കാരം മാപ്പ് ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടതായി ഹദീസിൽ കാണാം. _’ഏതൊരു മതത്തിൽ കർമ്മങ്ങളില്ലയോ ആ മതം തന്നെയെന്താണ്?’ എന്നായിരുന്നു അവിടന്ന് അവരോട് പ്രതിവചിച്ചത്. അതിനാൽ ഇക്കാര്യം നല്ലവണ്ണം ഓർമ്മിക്കുക. തങ്ങളുടെ എല്ലാ കർമ്മങ്ങളും അല്ലാഹുവിന്റെ ആജ്ഞകൾക്ക് അനുസൃതമാക്കിത്തീർക്കുവിൻ.
ആകാശഭൂമികൾ അല്ലാഹുവിന്റെ കൽപനപ്രകാരമാണ് നിലനിൽക്കുന്നതെന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. പകൃതി/വൈദ്യശാസ്ത്രങ്ങളിലേക്ക് ചാഞ്ഞവർ അവകാശപ്പെടുന്നു, പ്രകൃതിവാദം പിൻപറ്റാൻ കൊള്ളാവുന്ന ആദർശമാണ്; കാരണം ആരോഗ്യപരിപാലന നിയമങ്ങൾ അനുസരിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിൽ തഖ്‌വകൊണ്ടും (ആത്മ) പരിശുദ്ധികൊണ്ടും എന്താണ് പ്രയോജനം? വ്യക്തമാക്കിക്കൊള്ളട്ടെ, ചില ഘട്ടങ്ങളിൽ ഔഷധങ്ങൾ വ്യർത്ഥമായിത്തീരുന്നു എന്നതും അവന്റെ അടയാളങ്ങളിൽ പെട്ടതത്രെ. (ആ അവസരത്തിൽ) ആരോഗ്യരക്ഷയ്ക്കുള്ള സാമഗ്രികൾകൊണ്ട് പ്രയോജനമുണ്ടാകുന്നില്ല. ഭേഷജത്തിനും ഭിഷഗ്വരനും ഒരു ഗുണവും ചെയ്യാൻ സാധിക്കില്ല. പക്ഷേ അല്ലാഹുവിന്റെ കൽപനയുണ്ടാകുമ്പോൾ കീഴ്മേൽ മറിഞ്ഞതും നിവർന്നുനേരെയാകുന്നു.

ഹദ്റത്ത് ഇബ്റാഹീം (അ) ന്റെ പരീക്ഷണം

നോക്കുവിൻ, അദ്ദേഹത്തിന് കുട്ടിയെയും മാതാവിനെയും ‘കൻആനി’ൽ നിന്നും വളരെയകലെ കൊണ്ടുപോയി ഉപേക്ഷിക്കാൻ ആജ്ഞ ലഭിച്ചു. അതാണെങ്കിൽ ഒരുതുള്ളി വെള്ളം പോലും ലഭ്യമല്ലാത്ത ഇടമായിരുന്നു. അദ്ദേഹം അവിടെയെത്തി ദൈവസന്നിധിയിൽ അർത്ഥിച്ചു, അല്ലാഹുവേ! ഞാനെന്റെ സഹധർമിണിയെയും കുട്ടിയെയും തിന്നാനോ കുടിക്കാനോ ഒന്നും കിട്ടാത്ത ഈ ഭൂമിയിൽ ഉപേക്ഷിക്കുകയാണ്. എങ്ങനെയെങ്കിലും ഇസ്‌മായീൽ(അ) മരണപ്പെടണമെന്നായിരുന്നു ഹദ്റത്ത് സാറയുടെ ആഗ്രഹം. അതിനാൽ അവൾ ഇബ്റാഹീം(അ) നോട് അവനെ ഏതെങ്കിലും വിജനഭൂമിയിൽ വിട്ടുവരാൻ പറയുകയുണ്ടായി. ഇക്കാര്യം ഇബ്റാഹീം (അ) നു മോശകരമായി തോന്നിയിരുന്നു. പക്ഷേ, അല്ലാഹു അരുളി, എന്താണോ സാറ പറയുന്നത് അതുപോലെ പ്രവർത്തിക്കേണ്ടിവരുന്നതാണ്. അത് അല്ലാഹുവിന് സാറയുടെ [ഇംഗിതം] സ്വീകാര്യമായിരുന്നു എന്നത് കൊണ്ടായിരുന്നില്ല. ഹദ്റത്ത് സാറാ ഇതിനുമുമ്പും ഒരുതവണ ഹദ്റത്ത് ഹാജറയെ വീട്ടിൽനിന്ന് പുറത്താക്കിയിരുന്നു. ആ വേളയിലും അല്ലാഹുവിന്റെ മലക്ക് അവരോട് സംഭാഷണം നടത്തുകയുണ്ടായി. എന്തെന്നാൽ നബിമാരെ കൂടാതെ പ്രവാചകേതര വ്യക്തിത്വങ്ങളോടും അല്ലാഹു മാലാഖമാർ മുഖാന്തരം സംഭാഷണം നടത്താറുണ്ട്. അതനുസരിച്ച് രണ്ട് തവണ ഹദ്റത്ത് ഹാജറയുമായി അല്ലാഹുവിന്റെ ദിവ്യഭാഷണമുണ്ടായി.

ചുരുക്കത്തിൽ, ഹദ്റത്ത് ഇബ്റാഹീം(അ) അപ്രകാരം തന്നെ ചെയ്തു. കയ്യിൽ അല്പം വെള്ളവും കാരക്കയും മാത്രം കരുതിക്കൊണ്ട് ഹദ്റത്ത് ഹാജറയെയും കുട്ടിയെയും ഇന്ന് മക്ക സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉപേക്ഷിച്ച് മടങ്ങുകയുണ്ടായി. ദിവസങ്ങൾ ഏതാനും കടന്നുപോയി. കയ്യിൽ കരുതിയതെല്ലാം തീർന്നു. ഹദ്റത്ത് ഇസ്‌മായിൽ(അ) ദാഹപരവശതയാൽ വിലപിക്കാൻ തുടങ്ങി. ആ അവസരത്തിൽ തന്റെ മകന്റെ ഈ നിരാശാജനകമായ ദാരുണ അന്ത്യം നേരിട്ട് ദർശിക്കാൻ ഹാജറക്ക് ഒട്ടും സാധ്യമായിരുന്നില്ല. അവർ കുന്നിൻ ചെരിവുകളിൽ അങ്ങിങ്ങായി പാഞ്ഞുനടന്ന് വല്ല സാർത്ഥവാഹകസംഘവും കടന്നുപോകുന്നുണ്ടോ എന്ന് തിരഞ്ഞുകൊണ്ടിരുന്നു. മലമുകളിൽ കയറി കരഞ്ഞുവിലപിക്കാൻ തുടങ്ങി. തനിക്ക് ആ ഒരേയൊരു അരുമസന്തതി മാത്രമുണ്ടായിരുന്ന കാലമായിരുന്നു അത്. ഭർത്താവിൽനിന്ന് വേർപെട്ട അവസ്ഥയും. മറ്റൊരുകുട്ടി ജനുക്കുമെന്ന പ്രതീക്ഷയുമില്ല. തികച്ചും ഒരു വിധവയെ പോലെ ആയിത്തീർന്ന സന്ദർഭം. അപ്പോൾ അവരുടെ വിലാപത്തിനുള്ള ഉത്തരമായി അതാ മാലാഖയുടെ അശരീരി വരുന്നു. *ഹാജറാ! ഹാജറാ!* അവർ ചുറ്റും നോക്കി. അരെയും കണ്ടില്ല. കുട്ടിയുടെ അടുക്കൽ  മടങ്ങിവന്നു നോക്കിയപ്പോൾ  കാണുന്നു, അവന്റെ സമീപത്തായി അതാ ഒരു ഉറവ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയിരിക്കുന്നു. ഏതുകണക്കെയെന്നാൽ, അല്ലാഹു(തആല) ഹദ്റത്ത് ഇസ്മായീൽ (അ) നെ മരണവക്കിൽ നിന്ന് വീണ്ടും ജീവിപ്പിച്ചിരിക്കുന്നു. ഹദ്റത്ത് നബികരീം (സ) തിരുമേനി അരുളുകയുണ്ടായി, ‘അല്ലാഹു(തആല) ആ നീരൊഴുക്ക് തടഞ്ഞില്ലായിരുന്നെങ്കിൽ രാജ്യമാസകലം അത് വ്യാപിക്കുമായിരുന്നു.’

അന്നപാനീയങ്ങൾ തീർത്തും ലഭ്യമല്ലാത്ത ഇത്തരം വരണ്ട ഭൂമിയിൽ അല്ലാഹു(തആല) എങ്ങനെയാണ് തന്റെ ഖുദ്റത്തിന്റെ ദിവ്യാത്ഭുതം വെളിപ്പെടുത്തുന്നതെന്ന് കാണിക്കലാണ് ഈ വൃത്താന്തം വിവരിച്ചതുകൊണ്ടുള്ള ഉദ്ദേശ്യം. ആ അത്ഭുത പാനീയമാകുന്ന ദിവ്യദൃഷ്ടാന്തം ഹദ്റത്ത് ഇസ്‌മയീൽ(അ) നെ ജിവിപ്പിച്ചു. പക്ഷേ, ഹദ്റത്ത് നബികരീം(സ) തിരുമേനിയാൽ ഒഴുക്കപ്പെട്ട നീരൊഴുക്കിന്റെ മാഹത്മ്യം വർണ്ണിച്ച് അരുളപ്പെട്ടിരിക്കുന്നത് ഇപ്രകാരമത്രെ, _*’ഇഅ്‌ലമൂ അന്നല്ലാഹ യുഹിയിൽ അർദ ബഅദ മൗത്തിഹാ’*_ (അൽഹദീദ് 18) അതായത് ആ പാനീയം മുഖേന മുഴുലോകത്തിന്റെയും പുനരുജ്ജീവനമുണ്ടായി.

(പറഞ്ഞുവരുന്നതിന്റെ) പൊരുളെന്തെന്നാൽ, രക്ഷപ്പെടാനുള്ള ബാഹ്യോപാധികളൊന്നും തന്നെ കാണാതിരുന്നപ്പോൾ അവൻ ഒരു രക്ഷാമാർഗ്ഗം തുറക്കുകയുണ്ടായി. അല്ലാഹുവിന്റെ ആജ്ഞയ്ക്കനുസരിച്ചാണ് ആകാശഭൂമികൾ നിലനിൽക്കുന്നതെന്ന് അവൻ അരുളിയിരിക്കുമ്പോൾ ചിന്തിക്കുക! ഒരു മനുഷ്യ ജീവന്റെ അടയാളം പോലും ദൃശ്യമായിരുന്നിട്ടില്ലാത്ത മരുക്കാടിനെ അല്ലാഹു(തആല) ഇന്ന് കോടിക്കണക്കിനു സൃഷ്ടികൾ വന്നുചേരുന്ന ഒരു പ്രദേശമായി മറ്റുകയുണ്ടായി. സകല രാജ്യങ്ങളിൽനിന്നുമുള്ള ജനങ്ങൾ അവിടെ ഹാജരാകുന്നു. ഹജ്ജിനുവേണ്ടി ഇന്ന് ലോകർ സമ്മേളിക്കുന്ന അതേ ഇടം ഒരിക്കൽ അഹാരപാനീയങ്ങൾ ലഭ്യമല്ലാത്ത വരണ്ടഭൂമിയായിരുന്നു.

(Post no: 333)

(മൽഫൂദാത്ത് വാ. 1, പേ. 172,173)
➖➖➖➖➖➖➖➖➖➖➖
ത്വാലിബെ ദുആ: അബു-അയ്മൻ

Leave a comment

Design a site like this with WordPress.com
Get started