എന്താണ് ദൈവാനുരാഗം കൊണ്ടുദ്ദേശിക്കുന്നത്? മാതാപിതാക്കൾ, സഹധർമിണീസന്തതികൾ, സ്വന്തം അസ്തിത്വം തുടങ്ങി എല്ലാത്തിനും മീതെ അല്ലാഹുവിന്‍റെ തൃപ്തിയെ മുന്തിക്കുക എന്നതുതന്നെ. വിശുദ്ധ ഖുർആനിൽ വന്നിരിക്കുന്നു,
فَاذْكُرُوا اللَّـهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا
(അൽബഖറ 201)
അതായത്, ‘അല്ലാഹുവിനെ നിങ്ങൾ സ്വന്തം പിതാക്കളെ ഓർക്കുന്നതുപോലെ ഓർക്കുക, പ്രത്യുത അതിനേക്കാൾ അധികരിച്ച സ്നേഹാതിരേകത്താൽ സ്മരിക്കുക’ ഇവിടെ ഒരുകാര്യം ചിന്താർഹമാണ്. അതായത്, നിങ്ങൾ ദൈവത്തെ പിതാവെന്ന് വിളിക്കണമെന്ന അധ്യാപനമല്ല അല്ലാഹു തആല നൽകിയിരിക്കുന്നത്. മറിച്ച് നിങ്ങൾക്ക് ക്രൈസ്തവർക്ക് സംഭവിച്ചതുപോലുള്ള അബദ്ധം പിണയാതിരിക്കാൻ ദൈവത്തെ പിതാവെന്ന് വിളിക്കരുത് (എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്). എങ്കിലത് പിതാവിനേക്കാൾ വിലകുറഞ്ഞ സ്നേഹമായിപ്പോയെന്ന് ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അതിനെയും ഇല്ലാതാക്കിക്കൊണ്ട് ‘അശദ്ദ ദിക്റൻ’ അഥവാ അതിലും തീവ്രമായി സ്മരണ എന്നു ചേർക്കുകയുണ്ടായി. ഇതില്ലായിരുന്നെങ്കിൽ ആക്ഷേപം നിലനിൽക്കുമായിരുന്നു. എന്നാൽ അവനതു പരിഹരിച്ചു. ദൈവത്തെ പിതാവെന്ന് വിളിക്കുന്നവരാരോ അവർ ഇന്ന് ഒരു നിസ്സാര (മനുഷ്യനെ) ദൈവമാക്കിക്കൊണ്ട് എത്രമാത്രം അധഃപതിച്ചുപോയിരിക്കുന്നു. (ക്രൈസ്തവർക്കും യഹൂദർക്കും വാക്കുകളുടെ ബാഹ്യർത്ഥത്തെ പിൻപറ്റിയത് മൂലം സംഭവിച്ച ചതികളെ സംബന്ധിച്ച് വിശദീകരിച്ച ശേഷം വീണ്ടും ദൈവസ്നേഹമെന്ന വിഷയത്തിലേക്ക് മടങ്ങിക്കൊണ്ട് ഹുസൂർ (അ) അരുൾ ചെയ്യുന്നു:)
ഞാൻ വീണ്ടും യഥാർഥ വിഷയത്തിലേക്ക് മടങ്ങി വരുന്നു, അതായത് തൗഹീദിൽ നിലകൊള്ളണമെങ്കിൽ അല്ലാഹുവിനോടുള്ള സ്നേഹത്തിൽ പൂർണ്ണമായും പങ്കുകൊള്ളേണ്ടതുണ്ട്. കർമ്മരൂപേണയുള്ള പങ്കിൽ പൂർണ്ണത കൈവരിക്കാതെ ഈ സ്നേഹം കേവലം വാക്കുകൾ കൊണ്ട് തെളിയിക്കാൻ സാദ്ധ്യമല്ല. ആരെങ്കിലും കൽക്കണ്ടത്തിന്റെ പേരെടുത്തുകൊണ്ടിരുന്നാല്‍ മധുരത്തിന്റെ ഉപയോഗമാകുന്നില്ല. തന്റെ ഒരു സുഹൃത്തിനെ സംബന്ധിച്ച് ഒരുവൻ പതിവായി പുകഴ്ത്തുകയും അനുസ്മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു; എന്നാൽ വിപത്തും വിഷമഘട്ടവും വരുമ്പോൾ തന്‍റെ ആ സുഹൃത്തിന്ന് യാതൊരു താങ്ങും തുണയുമേകാതെ തടിതപ്പുകയാണെങ്കിൽ അത്തരം സുഹൃത്തിനെ നിഷ്കപടനായി ഗണിക്കാൻ സാധ്യമല്ല. ഇപ്രകാരം അല്ലാഹുവിന്‍റെ തൗഹീന്റെയും അവനോടുള്ള സ്നേഹത്തിന്റെയും കേവലം നാവാലുള്ള ആഖ്യാനം ഒരു പ്രയോജനവും തരില്ല. ഈവിധം നാവിനാൽ ഏറ്റുപറയുന്ന പങ്കിനേക്കാൾ കർമ്മരൂപത്തിലുള്ള പങ്കാണ് എറെ അനിവാര്യം. ഇതിനർത്ഥം വാക്കാലുള്ള പ്രസ്താവ്യത്തിന് ഒരു പ്രസക്തിയുമില്ലെന്നല്ല. പ്രത്യുത നാവിന്റെ ഏറ്റുപറച്ചലിനൊപ്പം പ്രവൃത്തികൾകൊണ്ടുള്ള സാക്ഷ്യപ്പെടുത്തലും അത്യാവശ്യമാണെന്നാണ് ഞാൻ പറയുന്നതിന്‍റെ ഉദ്ദേശ്യം.
അതുകൊണ്ട് അല്ലാഹുവിന്‍റെ മാർഗത്തിൽ ജീവിതം വഖ്ഫ് ചെയ്യുക അനിവാര്യമാകുന്നു. ഇതുതന്നെയാണ് ഇസ്‌ലാം. ഇതുതന്നെയാണ് ഞാൻ നിയോഗിക്കപ്പെട്ടതിന്റെ ഉദ്ദേശ്യവും. അല്ലാഹു പ്രസ്തുത ലക്ഷ്യത്തോടെ നിലനിർത്തിയിരിക്കുന്ന ഈ സ്രോതസ്സിലേക്ക് ഇപ്പോൾ ഓടിയടുക്കാത്തവർ നിശ്ചയമായും ഹതഭാഗ്യരാകുന്നു. വല്ലതും കരസ്ഥമാക്കണമെന്നും ലക്ഷ്യം പ്രാപിക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ സത്യസന്ധനായ അന്വേഷകൻ ചെയ്യേണ്ടത് ഈ നീരുറവക്ക് നേരെ മുന്നേറുക എന്നതാണ്. ചുവടുകൾ മുന്നോട്ടുവെച്ചുകൊണ്ട് ഈ നീരുറവയുടെ ഉത്ഭവകേന്ദ്രത്തിൽ തന്‍റെ വായ വെച്ചുകൊള്ളുക. ദൈവസന്നിധിയിൽ ദൈവേതരത്വത്തിന്റെ എല്ലാ വസ്ത്രങ്ങളും ഊരിയെറിയുകയും അവന്‍റെ രക്ഷാകർതൃത്വത്തിന്‍റെ സവിധത്തിൽ വീണുകൊണ്ട്, ‘എനിക്ക് ദുനിയാവിന്‍റെ സകല സ്ഥാനങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരുന്നാലും എന്റെ നേർക്ക് പ്രയാസങ്ങളുടെ പർവ്വതം പൊട്ടിവീണാലും അല്ലാഹുവിനെ കൈവിടില്ലെന്നും ഞാൻ അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ എല്ലാവിധത്തിലുള്ള ത്യാഗങ്ങൾക്കും സന്നദ്ധനാണെന്നും’ പ്രതിജ്ഞയെടുക്കുകയും ചെയ്യാത്തിടത്തോളം ഇതു സംഭവ്യമല്ല.
ഹദ്‌റത്ത് ഇബ്റാഹീം (അ) ന്‍റെ അത്യുൽകൃഷ്ടമായ ആത്മാർത്ഥത ഇത് തന്നെയായിരുന്നു. അതായത് അദ്ദേഹം മകന്‍റെ ഖുർബാനിക്ക് തയ്യാറായി. ഇസ്‌ലാം ആഗ്രഹിക്കുന്നത് അനേകം ഇബ്റാഹീമുകളെ സൃഷ്ടിക്കാനാണ്. അതുകൊണ്ട് നിങ്ങളിലോരോരുത്തരും ഇബ്റാഹീം ആയിത്തീരാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക!
ഞാൻ സത്യമായും പറയുന്നു, ‘വലിയെ ആരാധിക്കുന്നവനാകരുത് മറിച്ച് സ്വയമൊരു ‘വലിയ്’ ആയിത്തീരുക! സിദ്ധനെ പൂജിക്കുന്നവനല്ല മറിച്ച് സ്വയമൊരു ‘സിദ്ധൻ’ ആയിത്തീരുക! നിങ്ങൾ അത്തരം വഴിയിലൂടെ കടന്നുവരണം. അത് ഇടുങ്ങിയ വഴിയാണെന്നതിൽ സന്ദേഹമില്ല. എന്നാൽ, അതിൽ പ്രവേശിക്കുന്നതോടെ ശാന്തിയും സമാധാനവും കൈവരുന്നതാണ്. എന്നാൽ പ്രസ്തുത വഴിയിലൂടെ കടന്നുപോകണമെങ്കിൽ ഭാരം തികച്ചും കുറക്കേണ്ടിവരും. തലയിൽ വലിയ ഭാണ്ഡക്കെട്ട് ഉണ്ടെങ്കിൽ പ്രയാസമായിരിക്കും. നിങ്ങൾ അതിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭൗതിക ബന്ധങ്ങൾ അഥവാ ഭൗതികതയെ ദീനിനേക്കാൾ മുന്തിക്കൽ എന്ന വലിയ ഭാണ്ഡം വലിച്ചെറിയേണ്ടതാണ്. നമ്മുടെ ജമാഅത്ത് അല്ലാഹുവിനെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ ദൂരത്തെറിയുക തന്നെവേണം.
നിങ്ങൾ തീർച്ചയായും ഓർമിക്കുക! നിങ്ങളിൽ സത്യസന്ധതയും നിസ്സ്വാർത്ഥതയും ഇല്ലെങ്കിൽ നിങ്ങൾ വ്യാജന്മാരുടെ പട്ടികയിൽ എണ്ണപ്പെടുന്നതാണ്. ദൈവസവിധത്തിലെ സച്ചരിതരുടെ കൂട്ടത്തിൽ സ്ഥാനം കരസ്ഥമാക്കാൻ നിങ്ങൾക്ക് സാധ്യമല്ല. അങ്ങനെ ആത്മാർത്ഥത കൈവെടിഞ്ഞ് വിശ്വാസഘാതകരാകുന്നവൻ ശത്രുക്കൾക്ക് മുന്നേ നാശമടയുന്നതാണ്. അല്ലാഹു ഒരിക്കലും സ്വയം വഞ്ചിതനാവുകയോ ആരാലും വഞ്ചിക്കപ്പെടുകയോ ചെയ്യുന്നില്ല. അതിനാൽ നിങ്ങൾ കലർപ്പില്ലാത്ത ശുദ്ധ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടാക്കിയെടുക്കുക.
(മൽഫൂസാത് വാ.3, പേ. 189, 190)
➖➖➖➖➖➖➖➖➖
ത്വാലിബെ ദുആ: അബൂ അയ്മൻ
Post No: 127
