ഒരുതരത്തിലുള്ള അഹങ്കാരവും പൊങ്ങച്ചവും കാണിക്കാതിരിക്കുക.




എന്റെ അഭിപ്രായത്തിൽ മനുഷ്യന് പരിശുദ്ധിയാർജ്ജിക്കാൻ ഇതിനേക്കാൾ ഉത്തമമായ വേറൊരു മാർഗ്ഗവും ലഭ്യമല്ല; അതായത് അവൻ തന്റെ അറിവിലും കുടുംബമഹിമയിലും സമ്പത്തിലും ഒരുതരത്തിലുമുള്ള അഹങ്കാരവും അഭിമാനവും കാണിക്കാതിരിക്കുക. അല്ലാഹു ആർക്കെങ്കിലും കണ്ണുകൾ നൽകുമ്പോഴാണ് അവൻ കാണാൻ തുടങ്ങുന്നത്. ആകാശത്തുനിന്ന് വരുന്ന തേജസ്സിനു മാത്രമേ അന്ധകാരത്തിൽ നിന്ന് മോക്ഷം നൽകാൻ സാധിക്കുകയുള്ളൂ. മനുഷ്യൻ സദാ ദൈവിക വെളിച്ചത്തെ ആശ്രയിക്കുന്നവനാകുന്നു. ആകാശത്തുനിന്ന് വരുന്ന സൂര്യപ്രകാശമില്ലെങ്കിൽ കണ്ണുകൾക്കും കാണാൻ സാധ്യമല്ല. അപ്രകാരം തന്നെയാണ് എല്ലാവിധത്തിലുള്ള അന്ധകാരങ്ങളെയും അകറ്റിക്കളയുന്ന ആന്തരിക വെളിച്ചവും. തമസ്സിനുപകരം തഖ്‌വയുടെയും പരിശുദ്ധിയുടെയും വെളിച്ചം സൃഷ്ടിക്കുന്ന ആ പ്രകാശവും ആകാശത്തുനിന്നു തന്നെയാണ് വരുന്നത്. ഞാൻ സത്യമായും പറയുന്നു, മനുഷ്യന്റെ തഖ്‌വ, ഈമാൻ, ഇബാദത്ത്, ത്വഹാറത്ത്(അഥവാ പവിത്രത) എല്ലാംതന്നെ ആകാശത്തുനിന്നാണ് വരുന്നത്. ഇത് അല്ലാഹുവിന്റെ ഫള്‌ലുമായി ബന്ധപ്പെട്ടവയാണ്. അവൻ ഇച്ഛിക്കുകയാണെങ്കിൽ അതിനെ നിലനിർത്തുകയോ അല്ലെങ്കിൽ അകറ്റിക്കളയുകയോ ചെയ്യുന്നു.

*മനുഷ്യൻ സ്വയം താൻ കൊഴിഞ്ഞുവീണ ഇലയാണെന്നും ഒന്നിനും കൊള്ളാത്തവനാണെന്നും മനസ്സിലാക്കുന്നതിന്റെ നാമമാണ് യഥാർത്ഥ മഅ്‌രിഫത്ത് അഥവാ ഈശ്വരജ്ഞാനം.* ദൈവിക സവിധത്തിൽ വീണുകൊണ്ട് വിനയത്തോടും എളിമയോടുംകൂടി അല്ലാഹുവിന്റെ അനുഗ്രഹം അന്വേഷിക്കുക! അന്തരംഗത്തിൽ ഒരു വെളിച്ചവും നന്മ ചെയ്യാനുള്ള ശക്തിയും ചൂടും പ്രദാനം ചെയ്യുന്നതും ശരീരേച്ഛകളെ കരിച്ചുകളയുന്നതുമായ ആ *മഅ്‌രിഫത്തിന്റെ പ്രകാശത്തെ* അവനോട് ഇരന്നുകൊണ്ടിരിക്കുക!  അവന്റെ അനുഗ്രഹത്താൽ പിന്നീട് മനുഷ്യന് (അതിൽനിന്ന്) എപ്പോഴെങ്കിലും വിഹിതം ലഭിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഹൃദയവിശാലതയും ഹർഷാതിരേകവും പ്രാപിക്കുകയും ചെയ്യുകയാണെങ്കിൽ അതിൽ അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്യാതിരിക്കുക. മറിച്ച് താഴ്മയിലും വിനയത്തിലും കൂടുതൽ അവൻ അഭിവൃദ്ധിപ്പെടേണ്ടതാണ്. കാരണം എത്രത്തോളം സ്വയം ഒരു നിസ്സാരനായി മനുഷ്യൻ ധരിക്കുന്നുവോ അത്രത്തോളം സ്ഥാനമാനങ്ങളും ദിവ്യപ്രകാശങ്ങളും അല്ലാഹുവിൽനിന്ന് ഇറങ്ങുന്നതാണ്. അത് അവനു വെളിച്ചവും ശക്തിയും പകരുന്നതായിരിക്കും. മനുഷ്യൻ ഈ വിശ്വാസം ഉൾക്കൊള്ളുകയാണെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവന്റെ ധാർമികാവസ്ഥ നന്നായിത്തീരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ലോകത്ത് താൻ എന്തൊക്കെയോ ആണെന്ന് കരുതുന്നത് അഹങ്കാരമാണ്. അതുമൂലം പിന്നീട് മറ്റുള്ളവരെ ശപിക്കുകയും അവരെ നിന്ദ്യരായി മനസ്സിലാക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിത്തീരുന്നു.
ഞാൻ ഈ എല്ലാ കാര്യങ്ങളും ആവർത്തിക്കുന്നത് അല്ലാഹു ഈ ജമാഅത്ത് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഉദ്ദേശ്യം ലോകത്തുനിന്ന് കളഞ്ഞുപോയിട്ടള്ളതും ഇക്കാലത്ത് കാണാൻ കിട്ടാത്തതുമായ *യഥാർത്ഥ തഖ്‌വയും പരിശുദ്ധിയും* വീണ്ടും പുനഃസ്ഥാപിക്കുക എന്നതാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്.

പൊതുവായ നിലയിൽ അഹങ്കാരം ലോകത്ത് വ്യാപിച്ചിരിക്കുന്നു. ഉലമാക്കൾ തങ്ങളുടെ അറിവിന്റെ പൊങ്ങച്ചത്തിലും അഹങ്കാരത്തിലുമാണുള്ളത്. ദരിദ്രരെ നോക്കുകയാണെങ്കിൽ അവരുടെ അവസ്ഥയും മറ്റൊരു തരമായിക്കൊണ്ടിരിക്കുകയാണ്. അവർക്ക് ആത്മശുദ്ധീകരണവുമായി യാതൊരു ബന്ധവുമില്ലതന്നെ. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കേവലം ശരീരത്തിലൊതുങ്ങി നിൽക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ ആത്മസമരങ്ങളും തീവ്രയത്നങ്ങളും നുബുവ്വത്തിന്റെ (ചര്യകളിൽ) യാതൊരു തുമ്പും ലഭിക്കാത്തതരം  'ദിക്ക്റെ അർറാ' (ഒരുതരം ശംബ്ദമുണ്ടാക്കിക്കൊണ്ടുള്ള ദിക്ക്റ് ചൊല്ലൽ) പോലുള്ള എന്തൊക്കെയോ ആയിത്തീർന്നിരിക്കുന്നു.
മനസ്സ് ശുദ്ധീകരിക്കുന്നതിൽ അവർക്ക് ശ്രദ്ധയേ ഇല്ലെന്ന് ഞാൻ കാണുന്നു. കേവലം ശരീരം മാത്രമാണ് ശേഷിക്കുന്നത്. അതിൽ അത്മീയതയുടെ പൊടിപോലും കാണാനില്ല. അവരുടെ മുജാഹിദകൾ മനസ്സിനെ ശുദ്ധീകരിക്കുകയോ മഅ്‌രിഫത്തിന്റെ പ്രകാശം പ്രദാനം ചെയ്യുകയോ ചെയ്യുന്നില്ല. ഇക്കാലഘട്ടമിപ്പോൾ തികച്ചും ശൂന്യമായിപ്പോയിരിക്കുന്നു. പരിശുദ്ധിയാർജ്ജിക്കാനുള്ള നബിമാർഗ്ഗം തികച്ചും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അത് വിസ്മരിക്കപ്പെട്ടിരിക്കുന്നു. ആ നുബുവ്വത്തിന്റെ കാലം വീണ്ടും സമാഗതമാകാനും തഖ്‌വയും പരിശുദ്ധിയും വീണ്ടും സ്ഥാപിതമാകാനും അല്ലാഹു ഇച്ഛിച്ചിരിക്കുകയാണ്. അത് ഈ ജമാഅത്ത് മുഖേന സംഭവിക്കാനത്രെ അവൻ ആഗ്രഹിച്ചത്.

അതിനാൽ യഥാർത്ഥ പരിഷ്കരണത്തിലേക്ക് ശ്രദ്ധിക്കുക എന്നത് നിങ്ങളുടെ നിർബന്ധകടമയാകുന്നു; നബി(സ) തിരുമേനി ഏതൊരു പരിഷ്കരണ മാർഗ്ഗമാണോ പറഞ്ഞുതന്നത്  ആ മാർഗ്ഗം അവലംബിച്ചുകൊള്ളുക.

(29 ഡിസംബർ 1904, മസ്ജിദ് അഖ്‌സയിൽ നടന്ന പ്രഭാഷണം)
➖➖➖➖➖➖➖➖➖➖➖

Leave a comment

Design a site like this with WordPress.com
Get started