മഹ്ദി ഇമാം അലൈഹിസ്സലാം* നൽകിയ അദ്ധ്യാപനങ്ങൾ




_*രണ്ടുതരം ദൈവിക കല്പനകൾ*_

അല്ലാഹുവിന്റെ കല്പനകൾ രണ്ടായി തരം തിരിക്കപ്പെട്ടിരിക്കുന്നു.‌ ഒന്ന് ധനപരമായ ഇബാദത്തുകൾ. മറ്റൊന്ന് ശാരീരികമായ ഇബാദത്തുകൾ. ആരുടെ കയ്യിലാണോ ധനമുള്ളത് അവനുവേണ്ടിയുള്ളതാണ് ധനപരമായ ഇബാദത്ത്. നിർദ്ധനർ അതിൽനിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ശാരീരിക ഇബാദത്തുകളും മനുഷ്യന് യുവത്വത്തിൽ മാത്രമേ അനുഷ്ഠിക്കാൻ സാധിക്കുകയുള്ളൂ. അറുപത് വയ്യസ്സ് കടന്നാൽ പലതരത്തിലുള്ള രോഗങ്ങൾ പിടിപെടുന്നു. കണ്ണിൽ തിമിരം മൂലം കാഴ്ച്ചക്കുറവുണ്ടാകുന്നു. എന്നാൽ യൗവ്വനത്തിൽ ചെയ്യുന്ന എല്ലാത്തിന്‍റേയും ബർക്കത്തുകൾ വാർദ്ധക്യകാലത്തും നിലനിൽക്കുന്നു. യുവത്ത്വത്തിൽ ഒന്നും ചെയ്യാതിരുന്നവന് വാർദ്ധക്യത്തിൽ അങ്ങേയറ്റം വ്യസനവും ദുഃഖവും സഹിക്കേണ്ടിവരുന്നു. കഴിവന്‍റെ പരമാവധി അല്ലാഹുവിനോടുള്ള കടമകൾ നിറവേറ്റാൻ മനുഷ്യൻ നിശ്ചയമെടുക്കണം.

_*സൽക്കർമ്മങ്ങളുടെ നിർവ്വചനം.*_

വിശുദ്ധ ഖുർആനിൽ അല്ലാഹുത്തആല ഈമാനോടൊപ്പം സൽക്കർമ്മങ്ങളും ബന്ധിപ്പിച്ചിരിക്കുന്നു. ഏതൊരു പ്രവൃത്തിയിലാണോ ഒരു അണുഅളവ് പോലും കുഴപ്പം കലർന്നിട്ടില്ലാത്തത് അതിനേയാണ് സൽക്കർമ്മം എന്നുപറയുന്നത്. ഓർമ്മിച്ചുകൊൾവിൻ! മനുഷ്യന്‍റെ കർമ്മങ്ങളിൽ എപ്പോഴും കള്ളന്മാർ പതിയിരിപ്പുണ്ട്. എന്താണത്? _*'റിയാ'*_ അഥവാ _*നാട്യം*_  (മറ്റുള്ളവർ കാണണം എന്ന ഉദ്ദേശ്യത്തിൽ ചെയ്യൽ), _*'ഉജുബ്'*_ അഥവാ _*പൊങ്ങച്ചം*_ (സ്വന്തം പ്രവൃത്തിയിൽ സംതൃപ്തനാകൽ) അതുകൂടാതെ പലതരത്തിലുള്ള ദുഷ്ചെയ്തികളും പാപങ്ങളും അവനാൽ ചെയ്യപ്പെടുന്നു. ഇവയെല്ലാം നിമിത്തം കർമ്മങ്ങൾ വ്യർത്ഥമായിപ്പോകുന്നു.

അക്രമം, പൊങ്ങച്ചം, നാട്യം, അഹങ്കാരം ഇവയിൽനിന്നെല്ലാം പരിശുദ്ധമായതും മനുഷ്യരുടെ അവകാശങ്ങൾ ഹനിച്ചുകളയുന്ന ഭാഗത്തേക്ക് ചിന്തപോലും തീണ്ടാത്തതുമായ കർമ്മങ്ങളെയാണ് _*സൽക്കർമം*_ അഥവാ *സ്വാലിഹായ അമൽ* എന്നുപറയുന്നത്. പരലോകത്ത് സൽക്കർമങ്ങൾ കാരണം രക്ഷപ്രാപിക്കുന്നത് പോലെ ഇഹലോകത്തും സൽക്കർമ്മങ്ങളാൽ രക്ഷപ്രാപിക്കുന്നു. ഒരു വീട്ടിൽ ഒരാളെങ്കിലും സൽക്കർമ്മിയായിട്ടുണ്ടെങ്കിൽ ആ വീട് മൊത്തമായി സംരക്ഷിക്കപ്പെടുന്നു. മനസ്സിലാക്കിക്കൊള്ളുക! നിങ്ങളിൽ സൽക്കർമ്മങ്ങളില്ലാത്തിടത്തോളം കാലം കേവലം വിശ്വാസിയായത്കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഒരു വൈദ്യൻ ഔഷധക്കുറിപ്പ് എഴുതിയാൽ ആ ഔഷധം വാങ്ങിക്കഴിക്കണമെന്നാണ് അതിനർത്ഥം. അവൻ ആ മരുന്ന് കഴിക്കാതെ കുറിപ്പ് സൂക്ഷിച്ചുവെച്ചതുകൊണ്ട് എന്ത് പ്രയോജനം.?

_*ഇസ്തിഗ്‌ഫാർ*_

ചിലർക്ക് പാപത്തെ കുറിച്ചുള്ള ബോധമുണ്ടായിരിക്കുമെങ്കിൽ മറ്റുചിലർക്ക് പാപമെന്താണെന്നുള്ള ജ്ഞാനമില്ല. അതുകൊണ്ടാണ് അല്ലാഹു എന്നന്നേക്കുമായി _*'ഇസ്തിഗ്ഫാർ'*_ നിർബന്ധമാക്കിയിരിക്കുന്നത്. അതായത് മനുഷ്യൻ സർവ്വവിധ പാപങ്ങൾക്ക് വേണ്ടിയും - അത് പ്രത്യക്ഷമായതോ പരോക്ഷമായതോ ആകട്ടെ, അതിനെ കുറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും, കൈ, കാൽ, നാവ്, മൂക്ക്, ചെവി, കണ്ണ് ഇവമൂലം സംഭവിക്കുന്നതാകട്ടെ - _*ഇസ്തിഗ്ഫാർ*_ ചെയ്തുകൊണ്ടിരുന്നുകൊൾവിൻ!

ഇക്കാലത്ത് ഹദ്റത്ത് ആദം(അ) ന്‍റെ ദുആ ചെയ്തുകൊണ്ടിരിക്കേണ്ടതാണ്.

رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

(ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടുതന്നെ തെറ്റുചെയ്തുപോയി. നീ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണകാട്ടുകയും ചെയ്യാത്തപക്ഷം തീർച്ചയായും ഞങ്ങള്‍ നഷ്ടപ്പെട്ടവരിൽ പെട്ടുപോകും- അഅറാഫ് 23)

അശ്രദ്ധയോടെ ജീവിക്കാതിരിക്കുക. അശ്രദ്ധയിൽ ജീവിതം കഴിച്ചുകൂട്ടാത്ത ഒരുവനെ സംബധിച്ചിടത്തോളം ഒരിക്കലുംതന്നെ കഴിവിനതീതമായ ഏതെങ്കിലും ദുരിതത്തിലകപ്പെട്ടുപോകുമെന്ന ആശങ്കക്കിടയില്ല. ഒരു ദുരിതവും തന്നെ മുകളിൽനിന്നുള്ള ഉത്തരവ് കൂടാതെ ഇറങ്ങുന്നില്ല. എപ്രകാരമെന്നാൽ, എനിക്ക് ഈ ഇൽഹാമുണ്ടായി:

_*‘റബ്ബി കുല്ലു ശൈഇൻ ഖാദിമുക്ക റബ്ബി ഫഹ്ഫദ്നീ വൻസുർനീ വർഹംനീ' (എന്റെ നാഥാ സർവ്വ വസ്തുക്കളും നിന്‍റെ ഹിതാനുസരണം വർത്തിക്കുന്ന സേവകരാകുന്നു. നാഥാ നീ എന്നെ കാത്തുരക്ഷിക്കേണമേ! നീ എനിക്ക് തുണയേകണമേ! എന്നോട് കരുണ കാണിക്കേണമേ!)*_

(മൽഫൂദാത്ത്, 1-15/12/1902)
➖➖➖➖➖➖➖➖➖➖➖

Leave a comment

Design a site like this with WordPress.com
Get started