രണ്ട് റക്അത്ത് നമസ്‌കാരം എന്ന അവസാനത്തെ ആഗ്രഹവും നിറവേറി ഖുബൈബ്(റ) അന്ത്യയാത്രക്കൊരുങ്ങി. “മരണത്തെ ഞാൻ ഭയക്കുകയാണെന്ന് നിങ്ങൾ ധരിക്കുകയില്ലാ യിരുന്നുവെങ്കിൽ, അല്ലാഹു സത്യം, ഞാൻ വീണ്ടും നമസ്ക്കരിക്കുമായിരുന്നു.” തനിക്കായി ഒരുക്കിവെച്ച ഈത്തപ്പനക്കുരിശിന് താഴെ നിന്ന് അദ്ദേഹം പറഞ്ഞു. തന്റെ മരണത്തിനായി കാത്തിരിക്കുന്നവരുടെ ആരവത്തിൽ ആ മനസ്സ് ഉലഞ്ഞതേയില്ല.
കുരിശിൽ വരിഞ്ഞുകെട്ടിയ ഖുബൈബിന്റെ കൈകാലുകളിൽ വില്ലാളികൾ എയ്തുവിട്ട അമ്പുകൾ ചെന്ന് തറച്ചു. അദ്ദേഹം കിടന്നു പിടഞ്ഞു. ജീവൻ പൊലിയുന്ന വേദനാനിർഭരമായ ആ അന്ത്യനിമിഷത്തിലും ഖുബൈബി(റ)ന്റെ ചുണ്ടിൽ വിരിഞ്ഞത് കവിതാ ശകലങ്ങൾ. അതിങ്ങനെ,
“മരണം ദൈവമാർഗ്ഗത്തിലാണ്
രോമകൂപങ്ങളിലും എല്ലിൻ തരികളിലും റബ്ബിന്റെ കാരുണ്യമുണ്ടല്ലോ എനിക്കതു മതി, അതുമാത്രം.”
ചുറ്റും കൂടിനിന്ന് മരണം ആസ്വദിച്ച് ആഹ്ലാദിക്കുന്ന അബൂസുഫ്‌യാൻ ഉൾപ്പെടെയുള്ള പ്രമാണിമാരുടെ മുഖങ്ങൾ ആ കവിത കേട്ട് മഞ്ഞളിച്ചുപോയി. വാശി മൂത്ത അവർ ശബ്ദമേറ്റി; വിറയാർന്ന ആ ശരീരം നിലക്കുന്നതുവരെ.
ഖുബൈബിന്റെ അവസ്ഥ അല്ലാഹു തിരുനബിക്ക് അറിയിച്ചുകൊടുത്തു. കുരിശിൽ അനാഥമായി ക്കിടക്കുന്ന തൻ്റെ പ്രിയ സുഹൃത്തിന്റെ ജഡം മറവുചെയ്യാൻ ദൂതർ രണ്ടുപേരെ മക്കയിലേക്കയച്ചു. മിഖ്‌ദാദി(റ)നെയും സുബൈറി(റ)നെയും. അവരെത്തിയാണ് ആ ധീരരക്തസാക്ഷിക്ക് ഖബറൊരുക്കിയത്.
മദീനയിലെ ഔസ് ഗോത്രത്തിൽ അദിയ്യിന്റെ മകനായി പിറന്ന ഖുബൈബ്(റ) ഹിജ്റയെ തുടർന്നാണ് തിരുദൂതരുടെ ഇഷ്ടഭാജനമായത്. യുവാവായ ഖുബൈബ്(റ)ൻ്റെ വിശ്വാസ ദൃഢതയും ധീരതയും ഒരുപോലെ സംഗമിച്ചു. ബദ്ർ യുദ്ധത്തിൽ പടച്ചട്ടയണിഞ്ഞു. ഖുറൈശി പ്രമുഖനായിരുന്ന ഹാരിസുബ്നു ആമിർ ഖുബൈബിന്റെ വാളിനിരയായി.
ഹിന്ദ് ഹംസ(റ)യെ നോട്ടമിട്ടതുപോലെ ഹാരിസിന്റെ മക്കൾ ഖുബൈബി(റ)നെയും നോട്ടമിട്ടു. അടുത്ത വർഷം, ഹിജ്റ മുന്നിൽ ബദ്റിനു പകരം വീട്ടാൻ ഖുറൈശികൾ ഒരുങ്ങുന്നതിൻ്റെ സൂചന പ്രവാചകന് ലഭിച്ചു. ഇത് ഉറപ്പുവരുത്താനായി പത്തംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു. നായകൻ ആസ്വിമുബ്നു സാബിത്താണ്. ഖുബൈബും(റ) ഇതിൽ അംഗമായിരുന്നു. ഇവർ മക്കയിലെത്തും മുമ്പ് ഹുദൈൽ ഗോത്രക്കാരിലെ വില്ലാളികൾ ഇവരെ വളഞ്ഞു. ഏറ്റുമുട്ടലിൽ ആസ്വിമുൾപ്പെടെ ഏഴ് പേർ വധിക്കപ്പെട്ടു. ഖുബൈബും(റ)മറ്റ് രണ്ടുപേരും കീഴടങ്ങി.
ഹാരിസിന്റെ മക്കൾ വിവരമറിഞ്ഞു. അവർ പ്രതികാരത്തിനായി ഖുബൈബ്(റ)നെ വിലക്ക് വാങ്ങി. അല്പനാൾ തടവിലിട്ടശേഷം അവർ ആ ദൈവദാസന് വിധിച്ചത് അറബികൾക്ക് അത്ര പരിചിതമല്ലാത്ത കുരിശിലേറ്റലായിരുന്നു.
മുഹമ്മദി(സ്വ)നെ തള്ളിപ്പറയുകയും പിതാവിനെ വധിച്ചതിന് മാപ്പപേക്ഷിക്കുകയും ചെയ്താൽ വെറുതെ വിടാമെന്ന അവരുടെ വാഗ്ദാനം പുഛിച്ചു തള്ളിയ ഖുബൈബ്(റ), മരണത്തിന് മുമ്പ് ഒരാഗ്രഹം മാത്രം അറിയിച്ചു. ‘രണ്ട് റക്അത്ത് നമസ് കരിക്കണം.’ അന്ത്യാഭിലാഷം അംഗീകരിക്കപ്പെട്ടു. പിന്നീടവർ ശിക്ഷ നടപ്പാക്കുകയായിരുന്നു.
മുഹമ്മദി(സ്വ)ൻ്റെ അനുയായികൾ മുഹമ്മദി(സ്വ)നെ സ്നേഹിക്കുന്നതുപോലെ ലോകത്ത് ഒരാളും മറ്റൊരാളെ സ്നേഹിക്കുന്നില്ല എന്ന തിരിച്ചറിവ് ഖുബൈബി(റ)ൽ നിന്നാണ് ഖുറൈശികൾക്കുണ്ടായത്.
