ദുർധാരണ (തെറ്റായ ഊഹം) എന്നത് എത്രയും ഹീനകരമായ വിപത്താകുന്നു
ഇത് നല്ലവണ്ണം ഓർത്തുകൊൾവിൻ! സകലവിധ കൊള്ളരുതായ്മകളും ഹീനതകളും ദുർധാർണയിലൂടെയാണ് ഉടലെടുക്കുന്നത്. അതിനാൽതന്നെ അല്ലാഹു(തആല) അതിനെ കഠിനമായി വിലക്കിയിരിക്കുന്നു. കൂടാതെ അവൻ അരുളുന്നു, _*'ഇന്ന ബഅ്ദദ്ദന്നി ഇസ്മുൻ'*_  _('നിശ്ചയമായും ഊഹങ്ങളിൽ ചിലത് പാപമാകുന്നു' അൽഹുജറാത്-13)_ മൗലവിമാർ നമ്മിൽ ദുർധാരണ വെക്കാതിരിക്കുകയും സത്യസന്ധതയും സ്ഥിരചിത്തതയോടും കൂടി നമ്മുടെ വാക്കുകൾ ശ്രവിക്കുകയും നമ്മുടെ ഗ്രന്ഥങ്ങൾ വായിക്കുകയും നമ്മോടൊപ്പം നിന്നുകൊണ്ട് നമ്മുടെ അവസ്ഥകൾ നേരിൽ വീക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആരോപണങ്ങളത്രയും അവർ നമ്മുടെമേൽ ഉന്നയിക്കുമായിരുന്നില്ല. എന്നാൽ, അവർ അല്ലാഹുവിന്റെ ഈ നിർദ്ദേശത്തിന് മഹത്വം കൽപ്പിക്കുകയും അത് പാലിക്കുകയും ചെയ്തില്ല. അതിന്റെ പരിണിതിയെന്നോണം അവർ എന്നിലും എന്റെ ജമാഅത്തിലും ദുർധാരണ വെച്ചുപുലർത്തി. വ്യാജാരോപണങ്ങളും അക്ഷേപങ്ങളും ചാർത്താൻ തുടങ്ങി. എത്രത്തോളമെന്നാൽ, 'ഇവർ നിരീശ്വരവാദികളുടെ സംഘമാണെന്നും ഇക്കൂട്ടർ നമസ്കരിക്കുകയോ വ്രതമനുഷ്ഠിക്കുകയോ ചെയ്യാറില്ലെ'ന്നുമൊക്കെ ചിലർ സധൈര്യം എഴുതിക്കളഞ്ഞു! അവർ ആ ദുർധാരണയിൽനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ ഈ കളവിന്റെ ശാപത്തിനുകീഴിൽ വരേണ്ട ഗതിവരാതെ രക്ഷപ്പെടുമായിരുന്നു. ഞാൻ സത്യമായും പറയുന്നു, ദുർധാരണ അങ്ങേയറ്റം ഹീനകരമായ ഒരു വിപത്താകുന്നു. അത് മനുഷ്യന്റെ ഈമാനെ പാടെ ഉന്മൂലനം ചെയ്യുകയും സത്യസന്ധതയിൽനിന്നും സൽപന്ഥാവിൽനിന്നും ദൂരെ വലിച്ചെറിയുകയും മിത്രങ്ങളെ ശത്രുക്കളാക്കി മാറ്റുകയും ചെയ്യുന്നു. _*സിദ്ധീഖുമാരുടെ ശ്രേഷ്ഠത കരഗതമാക്കുന്നതിന് മനുഷ്യൻ സർവ്വവിധേനയും ദുർധാരണയിൽനിന്ന് മാറിനിൽക്കേണ്ടത് അനിവാര്യമാകുന്നു.*_ ആരെയെങ്കിലും സംബന്ധിച്ച് മനസ്സിൽ ദുഷിച്ച ഊഹം ഉടലെടുക്കുകയാണെങ്കിൽ ഉടൻ അത്യധികമായി ഇസ്തിഗ്ഫാർ ചെയ്യുകയും അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. തന്മൂലം പ്രസ്തുത കുറ്റത്തിൽനിന്നും ആ ദുർധാരണയെ പിന്തുടർന്ന് വരുന്ന ദുഷ്പരിണിതിയിൽനിന്നും രക്ഷപ്പെടുമാറാകട്ടെ. ഇതിനെ  ഏതെങ്കിലും നിസ്സാര സംഗതിയായി ഗണിക്കുകയേ അരുത്! മനുഷ്യൻ എത്രയും പെട്ടെന്ന് നശിച്ചൊടുങ്ങാനിടയുള്ള അതിഭയാനകമായ ഒരു മഹാമാരിയത്രെ ഇത്!  

_*ദുർധാരണയുടെ പര്യവസാനം നരകം*_

ദുർധാരണം മനുഷ്യനെ നശിപ്പിച്ചുകളയുന്നു.... നല്ലപോലെ ഓർത്തുകൊൾവിൻ! ദുർധാരണയുടെ പരിണിതി നരകം തന്നെയാകുന്നു. അതിനെ നിസ്സാര രോഗമായി ഗണിക്കരുത്. ദുർധാരണയിൽനിന്ന് നിരാശയിലേക്കും നിരാശയിൽനിന്ന് കുറ്റകൃത്യങ്ങളിലേക്കും കുറ്റകൃത്യങ്ങളിൽനിന്ന് നരകത്തിലേക്കും എത്തിച്ചേരുന്നു. സത്യത്തിന്റെ വേരറുത്തുകളയുന്ന ഒന്നത്രെ ദുർധാരണ. അതിനാൽ നിങ്ങൾ അതിൽനിന്ന് രക്ഷപ്പെട്ടുകൊൾവിൻ. സിദ്ധീഖുമാരുടെ ഔന്നത്യങ്ങൾ കരഗതമാക്കുന്നതിനുവേണ്ടി ദുആ ചെയ്തുകൊണ്ടിരിക്കുവിൻ.
(തുടരും)

(മൽഫൂദാത്ത് വാ.1, പേ. 371-372)
➖➖➖➖➖➖➖➖➖➖➖
താലിബെ ദുആ - അബൂ അയ്മൻ





Leave a comment

Design a site like this with WordPress.com
Get started