ഒരു പെരുന്നാൾ ഉപഹാരം
ഒരിക്കൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) ന്റെ വരിഷ്ഠ സ്വഹാബി ഹദ്റത്ത് ഗുലാം റസൂൽ രാജികി സാഹിബ്(റ) പല തബ്‌ലീഗ് യാത്രകൾക്കുമിടയിൽ അതിർത്തിപ്പട്ടണമായ മർദാനിൽ എത്തി. അവിടെ അടുത്ത ദിവസം അനുഗ്രഹീത ഈദുൽ ഫിത്റ് ദിനമായിരുന്നു. അദ്ദേഹം അവിടെ എത്തിച്ചേരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിനു തന്റെ മകൻ ഇഖ്ബാൽ അഹ്മദിൽ നിന്നും ഫീസടക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കായി നൂറുരൂപ വളരെ അത്യാവശ്യമായി അയച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിച്ചിട്ടുണ്ടായിരുന്നു. മൗലവി സാഹിബിന്റെ പ്രസ്തുത സ്ഥലത്തെ ആദ്യസന്ദർശനമായതിനാൽ അവിടെയുള്ള ആരുമായും അടുത്ത ബന്ധമോ പരിചയമോ ഇല്ലായിരുന്നു. അതുകൊണ്ട് ആരിൽനിന്നെങ്കിലും തൽക്കാലം കടം വാങ്ങി അയക്കാനും നിവൃത്തിയില്ലായിരുന്നു. 

അദ്ദേഹം പറയുന്നു;
_'ഖൈറുർറാഹിമീനും ഖൈറുൽ മുഹ്സിനീനും വരദാനങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രവുമായ അസ്തിത്വത്തിലായിരുന്നു എന്റെ സകല പ്രതീക്ഷകളും'_

അടുത്ത ദിവസം അദ്ദേഹം സഹോദരന്മാരുടെ അഭ്യർത്ഥനപ്പ്രകാരം ഈദ് നമസ്കാരത്തിനു നേതൃത്വം നൽകി. നമസ്കാരത്തിൽ സുജൂദ് ചെയ്തുകൊണ്ടിരിക്കേ അദ്ദേഹത്തിനു അതിയായ വിതുമ്പലുണ്ടായി. അപ്രകാരം അല്ലാഹുവിനോട് തേങ്ങലോടെ ദുആ ചെയ്യാൻ കാരണമായിത്തീർന്ന സംഭവമിതായിരുന്നു;

നമസ്കാരത്തിനു മുമ്പ് നിരവധി അഹ്മദി ബാലന്മാർ തങ്ങളുടെ പിതാക്കൾക്കൊപ്പം പള്ളിയിൽ വന്നുകൊണ്ടിരുന്നു. അവർ തങ്ങളുടെ പിതാക്കളിൽ നിന്ന് പെരുന്നാൾ ഉപഹരങ്ങൾ ആവശ്യപ്പെടുകയും പിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് പെരുന്നാൾ ഉപഹാരമായി അവരുടെ കഴിവിനനുസരിച്ചുള്ള തുകകൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്തു. മൗലവി സാഹിബ് പറയുന്നു, _'ഞാൻ എന്റെ പരമദയാലുവായ യജമാനനോട് ഇങ്ങനെ കേണപേക്ഷിച്ചു, 'ഇന്ന് പെരുന്നാൾ ഉപഹാരങ്ങളുടെ ദിനമാണ്. പിതാക്കൾ തങ്ങളുടെ മക്കൾക്ക് പെരുന്നാൾ ഉപഹാരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. എന്റെയൊരു മകൻ അവന്റെ അത്യാവശ്യത്തിനു വേണ്ടി എന്നോട് നൂറ് രൂപ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയിരിക്കുകയാണ്. ഞാൻ എന്റെ മകനു വേണ്ടി നിന്റെ സന്നിധിയിൽ കൈനീട്ടുന്നു. അവന്റെ ആവശ്യം പൂർത്തീകരിച്ചുകൊടുക്കാനുള്ള എന്തെങ്കിലും ഒരു വഴി കേവലം നിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് ഒരുക്കിത്തന്നാലും.'_

അങ്ങനെ ഭക്ഷണവും ളുഹർ നമസ്കാരവും കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് പോകാൻ വേണ്ടി മൗലവി സഹിബ് കാളവണ്ടിയിൽ കയറാൻ തയ്യാറായി നിൽക്കുകയായിരുന്നു. യാത്രയയക്കാൻ വേണ്ടി നിരവധി പേർ അങ്ങാടി വരെ എത്തിയിരുന്നു. അപ്പോൾ അക്കൂട്ടത്തിൽനിന്ന് മൗലവി സാഹിബിനു  അപരിചിതനായിരുന്ന  എതൊ ഒരാൾ അരികത്തുകൂടി കടന്നുപോയപ്പോൾ എന്തോ ഒന്ന് മൗലവിസാഹിബിന്റെ കോട്ടിന്റെ പുറംകീശയിൽ നിക്ഷേപിച്ചു. മൗലവി സാഹിബ് യാത്രചെയ്ത് അടുത്ത ഗ്രാമത്തിലെത്തി കീശയിൽ കയ്യിട്ട് നോക്കിയപ്പോൾ ഒരു പൊതി കണ്ടെത്തി. അത് തുറന്ന് നോക്കിയപ്പോൾ കണ്ടത് നൂറുരൂപയുടെ നോട്ടും ഒരു കുറിപ്പുമായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.  _'താങ്കൾ ഈദ് നമസ്കരിപ്പിച്ചുകൊണ്ടിരിക്കേ എന്റെ ഹൃദയത്തിൽ താങ്കളുടെ സമക്ഷം നൂറുരൂപ ഉപഹാരമർപ്പിക്കാൻ അതിശക്തമായ നിലയിൽ ഒരു ഉൾപ്രേരണയനുഭവപ്പെട്ടു. പക്ഷേ ആരാണ് തരുന്നതെന്ന് താങ്കൾ അറിയാതിരിക്കേണ്ടതുള്ളതുകൊണ്ട് ഈ വിധം കാണാതെ താങ്കളുടെ കീശയിലിട്ടതാണ്. അല്ലാഹുവിന്റെ അറിവിൽ മാത്രം നിർത്തിക്കൊണ്ട് എന്റെ ഈ സേവനം നിസ്സ്വർത്ഥമാകാനും നൂറുരൂപ ലഭിക്കുന്ന താങ്കൾക്കത് മഹാസമ്മാനദാതാവും സഹായിയുമായ അല്ലാഹുവിൽ മാത്രമുള്ളതാണെന്ന് അനുഭവപ്പെടാനും വേണ്ടി ഞാൻ ഇതിൽ എന്റെ പേരും വിലാസവും വെക്കുന്നില്ല'_

മൗലവി സാഹിബ് പറയുന്നു;

ഇത് ഞാൻ ഈദ് നമസ്കാരത്തിന്റെ സുജൂദിൽ എന്റെ ഉത്തമ ഔദാര്യവാനായ യജമാനനോട് എന്റെ മകനുവേണ്ടി  യാചിച്ചതനുസരിച്ച് ആ ഖൈറുർ‌റാഹിമീനും ഖൈറുൽ മുഹ്സിനീനും പരമ ദയാലുവുമായ യജമാന്റെ അനുഗ്രഹ കടാക്ഷത്താൽ  എനിക്ക് നൽകപ്പെട്ടതായിരുന്നു.......

ഇത് സയ്യദ്നാ ഹദ്റത്ത് മസീഹ് മൗഊദ്(അ) ന്റെ അനിതരസാധാരണമായ ബർക്കത്ത് കൊണ്ടാണ് സംഭവിച്ചത്. അതായത് എന്നെപ്പോലുള്ള അങ്ങയുടെ ഈ നിസ്സാര സേവകനുപോലും അവിടത്തെ ആത്മീയവും അനുഗ്രഹീതവുമായ ബന്ധത്താൽ ദുആ - അതെ സ്വീകരിക്കപ്പെട്ടുന്ന ദുആ - ചെയ്യാനുള്ള സൗഭാഗ്യം സിദ്ധിച്ചിരിക്കുന്നു.

മൗലവി സാഹിബ് ഈ വിവരണങ്ങൾക്കൊടുവിൽ ദുആ ചെയ്യുന്നു;

_'അല്ലാഹുത്തആല ജമാഅത്തിലെ സ്നേഹിതർക്ക് അവരുടെ ആത്മാർത്ഥതയിലും ഈമാനിലും ബർക്കത്ത് ചൊരിയുമാറാകട്ടെ! അവരുടെ ജീവിതവും മരണവും അല്ലാഹുവിന്റെ പ്രീതിക്കധിഷ്ഠിതമായിത്തീരട്ടെ! അവർമുഖേന ഇസ്ലാമിന്റെയും അഹ്മദിയ്യത്തിന്റെയും സ്ഥാപനോദ്ദേശ്യങ്ങൾ പൂർത്തിയായിത്തീരുമാറാകട്ടെ._
_ആമീൻ യാ റബ്ബൽ ആലമീൻ'_

(ഹയാതെ ഖുദ്സി  വാ.4, പേ. 178)

[അതിരില്ലാത്ത ബർക്കത്തുകൾക്ക് നാം പാത്രീഭൂതരാകാൻ കാരണക്കാരായവരും നമുക്കായി ദുആകളുടെ ഖജനാവുകൾ തന്നെ നേർന്നുകൊണ്ട് കടന്നുപോയവരുമായ ത്യാഗീവര്യരായ മുൻകടന്ന മുഴുവൻ  മഹാത്മാക്കളെയും നമുക്ക് ഈ ഈദ് വേളയിൽ ദുആയിൽ ഓർക്കാം.]
➖➖➖➖➖➖➖➖➖➖
ത്വാലിബെ ദുആ : അബു-അയ്മൻ

Leave a comment

Design a site like this with WordPress.com
Get started