ജമാഅത്ത് അംഗങ്ങളുടെ പരസ്പര സാഹോദര്യം
ജമാഅത്തിൽ സഹോദരന്മാർ തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നതായി ഞാൻ കാണുന്നു. നിസ്സാരമായ അഭിപ്രായഭിന്നതയിൽ തുടങ്ങി പരസ്പരം അന്തസ്സിനുമേൽ ആക്രമണം നടത്തുകയും സഹോദരന്മാർ തമ്മിൽ കലഹിക്കുകയും ചെയ്യുന്നു. ഇത് അങ്ങേയറ്റത്തെ യുക്തിഹീനമായ പ്രവർത്തിയത്രെ! ഇത് ഒരിക്കലും സംഭവിച്ചുകൂടാത്തതാകുന്നു. മറിച്ച് ഒരാൾ തന്‍റെ തെറ്റ് സമ്മതിച്ചുകൊടുക്കുന്നതിൽ എന്താണ് പ്രശ്നമുള്ളത്.
ചിലയാൾക്കാർ വളരെ നിസ്സാര കാര്യങ്ങളിൽ പോലും മറ്റുള്ളവർ അപമാനിതരായെന്ന് ഏറ്റുപറയും വരെ അവരെ പിന്തുടരുന്നു. ഇപ്പോഴും ജമാഅത്തിൽ അങ്ങനെയുള്ളവർ അനേകമുണ്ട്. അതായത്, തങ്ങൾക്ക് പ്രതികൂലമായി ചെറിയ ഏതെങ്കിലും കാര്യം കേട്ടാൽ അങ്ങേയറ്റം പ്രകോപിതരാകുന്നു. എന്നാൽ അവർക്ക് ആത്മാവിന്‍റെ ആ അമിതാവേശങ്ങൾ വിഴുങ്ങിക്കളയലായിരുന്നു അനിവാര്യം. തന്മൂലം ആർദ്രതയും സഹിഷ്ണുതയും പ്രകൃതത്തിൽ ജനിക്കുമാറാകണം. എന്നാൽ കണ്ടുവരുന്നത്, വളരെ നിസ്സാരമായ പ്രശ്നത്തിൽ (തർക്കം) ആരംഭിച്ച് ഒരാൾ മറ്റൊരാളെ കീഴ്പ്പെടുത്താനും എങ്ങനെയെങ്കിലും അവനെ അതിജയിക്കാനും ആലോചിക്കുന്നവരായിട്ടാണ്. ഇത്തരം സന്ദർഭങ്ങളിൽ ആത്മാവിന്റെ ആവേശത്തിൽനിന്ന് രക്ഷപ്പെടുകയും കുഴപ്പത്തെ ഉന്മൂലനം ചെയ്യാൻ വേണ്ടി ബോധപൂർവ്വം സ്വയം അപമാനത്തെ ശിരസ്സാവഹിക്കുകയും ചെയ്യേണ്ടതാണ്.
ദൈവത്തിന്‍റെ നാമം *'സത്താർ'* (അഥവാ ന്യൂനതകൾ മറച്ചുവെക്കുന്നവൻ) എന്നാകുന്നു. അപ്പോൾ ഇവർ എന്തുകൊണ്ടാണ് തന്‍റെ സഹോദരങ്ങളോട് ദയകാണിക്കുകയും, പൊറുത്തുകൊടുക്കുകയും, അവരുടെ തെറ്റുകൾ മറച്ചുവെക്കുകയും ചെയ്യാത്തത്? തന്‍റെ സഹോദരന്‍റെ പിഴവുകൾ മൂടിവെക്കുകയും അവന്‍റെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം വരുത്താതിരിക്കുകയുമാണ് ചെയ്യേണ്ടത്.
ചെറിയൊരു പുസ്തകത്തില്‍ എഴുതപ്പെട്ടതായി വായിച്ചിട്ടുണ്ട്, ഒരു ചക്രവർത്തി ഖുർആൻ പ്രതികൾ എഴുതാറുണ്ടായിരുന്നു. ഒരു മൗലവി പറഞ്ഞു, ഇന്ന ആയത്ത് താങ്കൾ തെറ്റായിട്ടാണ് എഴുതിയിട്ടുള്ളത്. ആ ചക്രവർത്തി ഉടൻതന്നെ തന്നെ പ്രസ്തുത ആയത്തിന് ചുറ്റും അത് വെട്ടിക്കളയുന്നതാണെന്ന രീതിയിൽ വരയിട്ടു. മൗലവി പോയശേഷം ചക്രവർത്തി ആ വര മായിച്ചുകളഞ്ഞു. എന്തിനാണിങ്ങനെ ചെയ്തതെന്ന് മറ്റുള്ളവര്‍ ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, _'വാസ്തവത്തിൽ മൗലവിക്കാണ് തെറ്റുപറ്റിയത്, എന്നാൽ ഞാൻ അദ്ദേഹത്തിന് സന്തോഷമായിക്കൊള്ളട്ടെ എന്നുകരുതി വട്ടം വരച്ചതാണ്._ നോക്കുവിൻ, ഒരു ചക്രവർത്തിയായിരുന്നിട്ടുകൂടി അദ്ദേഹം സാധുവായ ഒരു മൗലവിയുടെ മനസ്സ് നോവുന്നത് ഇഷ്ടപ്പെട്ടില്ല.
മറ്റുള്ളവരുടെ വീഴ്ച്ചകൾ തേടിപ്പിടിച്ച് അവ പരസ്യമാക്കുന്നത് ദുരഹങ്കാരത്തിന്‍റെ തായ്‌വേരും ഒരു മഹാരോഗവുമാകുന്നു. ഹൃദയത്തെ അങ്ങേയറ്റം മലീമസമാക്കിക്കളയുന്ന ഇത്തരം നടപടികൾ വർജ്ജിക്കേണ്ടത് അത്യാവശ്യമാണ്. ചുരുക്കത്തിൽ, ഇവയൊക്കെ തഖ്‌വയിൽ പെടുന്ന കാര്യങ്ങളാണ്. ആന്തരികവും ബാഹ്യവുമായ കാര്യങ്ങളിലെല്ലാം തന്നെ *'തഖ്‌വ'* മുഖേന കരുനീക്കുന്നവർ മാലാഖവൃന്ദത്തിൽ പ്രവേശിപ്പിക്കപ്പെടുന്നു. കാരണം അവരിൽ അല്പം പോലും ധാർഷ്ട്യം അവശേഷിക്കുന്നില്ല. *അതിനാൽ തഖ്‌വ കൈക്കൊണ്ടാലും!* എന്തെന്നാൽ തഖ്‌വയ്ക്ക് ശേഷം മാത്രമേ അല്ലാഹുവിന്‍റെ അനുഗ്രഹം ഇറങ്ങുകയുള്ളൂ. മുത്തഖി ദുനിയാവിലെ ആപത്തുകളിൽ നിന്നു സംരക്ഷിക്കപ്പെടുന്നു. ദൈവം അവന്‍റെ ന്യൂനതകൾ മറച്ചുവെക്കുന്നു. നിങ്ങൾ (തഖ്‌വയുടെ) ഈ രീതി സ്വായത്തമാക്കാത്തിടത്തോളം ഒരു പ്രയോജനവുമില്ല. അത്തരം ജനങ്ങൾക്ക് എന്നിൽ ബയ്അത്ത് ചെയ്തതുകൊണ്ട് തെല്ലുപോലും ഗുണം കൈവരിക്കാൻ സാധ്യമല്ല. അന്തരംഗങ്ങളിൽ തന്നെ ഒരു അക്രമം അവശേഷിക്കുന്നുവെങ്കിൽ ഗുണം കൈവരിച്ചാൽ തന്നെ അതെന്തുതരം ഗുണം? മറ്റുള്ളവരിലൊക്കെയുള്ള അതേ ദുരാവേശം, ധിക്കാരം, അഹംഭാവം, പൊങ്ങച്ചം, നാട്യം, ക്ഷിപ്രകോപം തുടങ്ങിയവയെല്ലാം അപ്പടി ബാക്കിയുണ്ടെങ്കിൽ പിന്നെ വ്യത്യാസമെന്താണ്? അതിനാൽ അത്മാവിൽ ഒരു ഉന്മൂല പരിവർത്തനം വരുത്തുകയും ഉൽകൃഷ്ട സ്വഭാവഗുണത്തിന്റെ മാതൃക പ്രദർശിപ്പിക്കുകയും ചെയ്യുവിൻ.
ഓർമ്മിക്കുവിൻ! തങ്ങളുടെ സഹോദരന്മാരെ ചെറിയ ചെറിയ കാര്യങ്ങളിൽ വ്യസനമേല്പിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. നബി(സ) തിരുമേനി അത്യുൽകൃഷ്ട സ്വഭാവഗുണങ്ങളുടെ മഹാസമുച്ചയമായിരുന്നു. ഇക്കാലത്ത് അല്ലാഹുത്തആല അവിടത്തെ സ്വഭാവഗുണങ്ങളുടെ ഒടുവിലത്തെ മാതൃക നിലനാട്ടിയിരിക്കുകയാണ്. ഇപ്പോഴും നിങ്ങൾ അതേ (പഴയ) ജീവിതമാണ് തുടരുന്നതെങ്കിൽ അത് അതീവ സങ്കടകരവും നിർഭാഗ്യകരവുമാണ്.
മറ്റുള്ളവരിൽ കുറ്റാരോപണം നടത്താതിരിക്കുവിൻ. എന്തെന്നാൽ ചിലപ്പോൾ മനുഷ്യൻ മറ്റുള്ളവനിൽ അവനിലില്ലാത്ത കുറ്റം ചാർത്തുമ്പോൾ സ്വയം അതേ കുറ്റത്തിനിരയായിത്തീരുന്നു. എന്നാൽ പ്രസ്തുത കുറ്റം യഥാർത്ഥത്തിൽ അവനിലുണ്ടെങ്കിൽ അത് അവനും അല്ലാഹുവുമായിട്ടുള്ള പ്രശ്നമാണ്.
തങ്ങളുടെ സഹോദരന്മാരുടെ മേൽ ധൃതിയിൽ അവിശുദ്ധമായ കുറ്റാരോപണം നടത്തിക്കളയുന്നത് ചിലരുടെ ശീലമാണ്. അതിൽനിന്ന് രക്ഷപ്പെട്ടുകൊൾവിൻ.
🔺മനുഷ്യർക്ക് വേണ്ടി ആവുന്നത്ര ഉപകാരപ്രവൃത്തികൾ ചെയ്യുക.
🔺തങ്ങളുടെ സഹോദരങ്ങളോട് സഹാനുഭൂതി കാണിക്കുക.
🔺അയൽവാസികളോട് ഉൽകൃഷ്ടമായി പെരുമാറുക.
🔺തങ്ങളുടെ സഹോദർന്മാരുമായി ഏറ്റവും ഉത്തമമായ രീതിയിൽ വർത്തിക്കുക.
🔺ഏറ്റവും ആദ്യം ശിർക്കിൽനിന്ന് രക്ഷപ്പെട്ടുകൊൾവിൻ! അതത്രെ സാത്വികതയുടെ പ്രഥമശില.
(മൽഫൂസാത് വാ.6, പേ.341, 342)
➖➖➖➖➖➖➖➖➖➖
ത്വാലിബെ ദുആ: അബൂ-അയ്മൻ