സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കൽ

ഒരു സൂഫിക്ക് രണ്ട് മൂരീദുമാരുണ്ടായിരുന്നു. ഒരാൾ മദ്യപിച്ച് ബോധരഹിതനായി ഓടയിൽ വീണു. മറ്റെയാൾ സൂഫിയുടെ അടുക്കൽ ചെന്ന് അവനെ കുറിച്ച് പരാതിപറഞ്ഞു. അപ്പോൾ സൂഫി പറഞ്ഞു, ഓ മര്യാദകെട്ടവനേ! നീ അവനെ കുറിച്ച് പരാതി പറയുകയാണോ; എന്തുകൊണ്ട് നീ അവനെ തോളിലേറ്റി കൊണ്ടുവരുന്നില്ല? ഉടനെ അയാൾ ചെന്ന് അവനെ പൊക്കിയെടുത്ത് നടന്നു. പറയുന്നുണ്ടായിരുന്നു, ഒരുവൻ നല്ലപോലെ മദ്യപിച്ചു; മറ്റൊരുവൻ അല്പം മാത്രമേ മദ്യപിച്ചുള്ളൂ അതാണ് മറ്റവനെ പൊക്കിക്കൊണ്ടുപോകുന്നത്. സൂഫിയുടെ (ഉപദേശത്തിന്റെ) സാരാംശം, നീ എന്തിനാണ് തന്റെ സഹോദരന്റെ പരദൂഷണം പറയാൻ പോയത് എന്നതായിരുന്നു. നബികരീം (സ) തിരുമേനിയോട് പരദൂഷണത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടന്ന് അരുളിയത് ഇപ്രകാരമാണ്, ആരിലെങ്കിലും സത്യമായും ഉള്ള ഒരുകാര്യം അയാളുടെ മുന്നിൽനിന്ന് പറയുമ്പോൾ അയാൾക്ക് അത് അസഹ്യമായി തോന്നുന്നുവെങ്കിൽ ആ കാര്യം അയാളുടെ അഭാവത്തിൽ പറയുന്നതാണ് പരദൂഷണം. ആ പറയുന്ന (ദൂഷ്യം) അയാളിൽ യഥാർത്ഥത്തിൽ ഇല്ലെങ്കിൽ അത് (പരദൂഷണമല്ല മറിച്ച്) അപവാദമാകുന്നു.

അല്ലാഹു(തആല) അരുളുന്നു:

وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْم
(ഹുജറാത് 13)
[സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ]

ഇതിൽ പരദൂഷണം പറയുന്നവനെ തന്റെ സഹോദരന്റെ മാംസം ഭക്ഷിക്കുന്നവനായിട്ടാണ് ഉപമിച്ചിരിക്കുന്നത്. കൂടാതെ ദൈവിക ജമാഅത്ത് രുപീകരിക്കപ്പെടുമ്പോൾ അതിൽ പരദൂഷണം പറയുന്നവരുമുണ്ടാകും എന്നുകൂടി ഈ ആയത്തിൽ നിന്ന് തെളിയുന്നു. അല്ലാത്തപക്ഷം പ്രസ്തുത സൂക്തം വ്യർത്ഥമായിത്തീരും. വിശ്വാസികൾ സദാ പവിത്രഹൃദയരായിരിക്കുകയും അവരാൽ ഒരു പാപവും ചെയ്യപ്പെടാതിരിക്കുകയും ചെയ്യുമെന്നതാണ് സത്യമെങ്കിൽ ഈ ആയത്തിന്റെ ആവശ്യം തന്നെയെന്താണ്? കാര്യമിതാണ്, ഇപ്പോൾ ജമാഅത്തിന്റെ ശൈശവകാലമാണ്. രോഗസ്ഥനായതിനാൽ ആരെങ്കിലും തോളിലേറ്റി നടക്കേണ്ടിവരുന്നവിധം (ജമാഅത്തിൽ) ചിലർ അങ്ങേയറ്റം ബലഹീനരാണ്. ചിലർക്ക് അല്പം താഖത്ത് കൈവന്നിരിക്കുന്നു. അതിനാൽ നിങ്ങൾ ആരെയെങ്കിലും ബലഹീനരായി ദർശിക്കുകയാണെങ്കിൽ അവരെ രഹസ്യമായി ഉപദേശിക്കുക. അനുസരിക്കുന്നില്ലെങ്കിൽ അവർക്കായി ദുആ ചെയ്യുക. ഇവ രണ്ടുകൊണ്ടും പ്രയോജനമുണ്ടായിട്ടില്ലെങ്കിൽ അതിനെ ദൈവവിധിയുടെ കാര്യമായി മനസ്സിലാക്കിക്കൊൾക! ദൈവം അവരെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങൾ ചെയ്യേണ്ടത്, ആരുടെയെങ്കിലും ദൂഷ്യം ദർശിക്കുകയാണെങ്കിൽ ഉടനെ ആവേശം കാണിക്കാതിരിക്കുക എന്നതാണ്. അയാൾ നന്നായിത്തീരാനുള്ള സാധ്യത വിദൂരമല്ല. ഖുതുബ്, അബ്ദാൽ എന്നിവരിൽനിന്നും ചിലപ്പോൾ ദൂഷ്യകൃത്യങ്ങൾ സംഭവിച്ചുപോകാറുണ്ട്. തന്നെയുമല്ല ഇങ്ങനെയും രേഖപ്പെട്ടിട്ടുണ്ട്, ‘അൽഖുതുബു ഖദ് യസ്നാ’ അതായത് ഖുതുബ് പോലും വ്യഭിചരിച്ചുപോകുന്നു. എത്രയോ കൊള്ളക്കാരും വ്യഭിചാരികളും ഒടുക്കം ഖുതുബും അബ്ദാലും ആയിത്തീർന്നിട്ടുണ്ട്. ധൃതികാണിച്ചുകൊണ്ട് ആരെയെങ്കിലും അവഗണിച്ചുകളയുക എന്നത് നമ്മുടെ രീതിയല്ല. ആരുടെയെങ്കിലും സ്വന്തം പുത്രൻ വഴിതെറ്റിയിട്ടുണ്ടെങ്കിൽ അവനെ നന്നാക്കാനുള്ള സകല അടവുകളും പയറ്റുന്നു. അപ്രകാരം തന്റെ ഒരു സഹോദരനെയും തഴഞ്ഞുകളയാതിരിക്കുക. അവന്റെ സംസ്കരണത്തിനായുള്ള എല്ലാ പരിശ്രമങ്ങളും നടത്തുക.

മറ്റുള്ളവരുടെ ദൂഷ്യങ്ങൾ കണ്ടാൽ ഉടനെ വിളംബരം ചെയ്യുകയും നാട്ടിൽ പാട്ടാക്കുകയും ചെയ്യുക എന്നത് ഒരിക്കലും വിശുദ്ധ ഖുർആന്റെ ആദ്ധ്യപനമല്ല. മറിച്ച് അത് അരുളുന്നത്,

وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ

എന്നാണ്. അതായത്, അവർ
സഹനവും കാരുണ്യവും കൊണ്ട് അന്യോന്യം ഉപദേശിക്കുന്നു. മറ്റുള്ളവരുടെ കുറവുകൾ കണ്ടാൽ ഉപദേശിക്കുകയും ദുആ ചെയ്യുകയും ചെയ്യുക എന്നതാണ് ‘മർഹമ’ അഥവാ കാരുണ്യം. ദുആയിൽ അടങ്ങിയിരിക്കുന്നത് വളരെ വലിയ സ്വാധീനശക്തിയത്രേ. അന്യന്റെ ദൂഷ്യസ്മരണയാണെങ്കിൽ നൂറുതവണ നടത്തുകയും അവനുവേണ്ടി ദുആ ഒരുതവണപോലും ചെയ്യാതിരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതി അതീവ ദുഃഖകരംതന്നെ! എതൊരാൾക്കും വേണ്ടി ആദ്യം ചുരുങ്ങിയത് നാല്പത് ദിവസമെങ്കിലും കരഞ്ഞ് പ്രാർത്ഥിച്ചശേഷം മാത്രമേ അയാളുടെ കുറ്റത്തെ കുറിച്ച് മിണ്ടാൻ പാടുള്ളൂ. സഅദി പറഞ്ഞിട്ടുണ്ട്, (ഫാർസി വരികൾ ഒഴിവാക്കുന്നു) അതായത് ‘ദൈവം എല്ലാം അറിഞ്ഞിട്ടും (മനഃപൂർവ്വം കുറ്റങ്ങൾ) മറച്ചുവെക്കുന്നു. അയൽവാസികളാണെങ്കിൽ ഒന്നുമറിയാതെ മുറവിളികൂട്ടുന്നു’ ദൈവത്തിന്റെ നാമം ‘സത്താർ’ അഥവാ കുറ്റങ്ങൾ മറച്ചുവെക്കുന്നവൻ എന്നുകൂടിയാണ്. നിങ്ങൾ ‘തഖല്ലഖൂ ബി അഖ്‌ലാഖില്ലാഹ്’ ആയിത്തീരുകയാണ് വേണ്ടത്. അതായത് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങൾ സ്വായത്തമാക്കേണ്ടതാണ്.

നിങ്ങൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ രക്ഷകരായി വർത്തിക്കണം എന്നല്ല ഞാൻ പറഞ്ഞുവരുന്നതിന്റെ അർത്ഥം. മറിച്ച് അത് പ്രസിദ്ധപ്പെടുത്തുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുക എന്നാണ്. കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ അതിനെ വിലക്കിയതിനാൽ അത് പാപമത്രെ. ശേഖ് സഅദിക്ക് രണ്ട് ശിഷ്യന്മാരുണ്ടായിരുന്നു. അതിലൊരാൾ ദിവ്യജ്ഞാനവും ദൈവിക തത്ത്വങ്ങളുമൊക്കെ വിവരിക്കുമായിരുന്നു. (അപ്പോൾ) അടുത്തയാൾക്ക് അരിശം വരും. അവസാനം ആദ്യത്തെയാൾ സഅദിയോട് ചെന്ന് അവനെ കുറിച്ച് കുറ്റം പറഞ്ഞു, ഞാൻ എന്തെങ്കിലും വിവരിക്കാൻ തുടങ്ങിയാൽ അവൻ ക്ഷോഭിക്കുകയും അസൂയ കാണിക്കുകയും ചെയ്യുന്നു. അപ്പോൾ ശേഖ് മറുപടി പറഞ്ഞു, ഒരാൾ (വിദ്വേഷവും) അസൂയയും കാണിച്ചുകൊണ്ട് നരകത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തു. നീയാണെങ്കിൽ പരദൂഷണം പറയുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തിൽ, ഏതുവരെ കരുണ (അഥവാ റഹം), ദുആ, കുറ്റം മറച്ചുവെക്കൽ (അഥവാ സത്താറി), കാരുണ്യം (അഥവാ മർഹമ) എന്നിവയൊക്കെ സഹോദരന്മാരിൽ പരസ്പരം ഉണ്ടായിത്തീരുന്നില്ലയോ അതുവരെ ഈ ജമാഅത്തിന് മുന്നോട്ട് ചലിക്കാൻ സാധ്യമല്ല.

(മൽഫൂദാത്ത് വാ.6, പേ. 78)
➖➖➖➖➖➖➖➖➖➖

Leave a comment

Design a site like this with WordPress.com
Get started