സദ്‌വൃത്തർക്കുണ്ടാകുന്ന പരീക്ഷണങ്ങളുടെ തത്ത്വരഹസ്യം(ഭാഗം – 3)

നിങ്ങൾ സത്യവിശ്വാസികളായിക്കൊണ്ട് പരീക്ഷണങ്ങളെ പഴിക്കാതിരിക്കുവിൻ. വിശ്വാസത്തിൽ പൂർണ്ണത കൈവരിക്കാത്തവരാണ് അതിനെ അശുഭകരമായി കാണുന്നത്. വിശുദ്ധ ഖുർആൻ അരുളുന്നു:

‘വല നബ്‌ലുവന്നകും ബിശൈഇമ്മിനൽ ഖൗഫി വൽ ജൂഇ വ നഖ്‌സിമ്മിനൽ അംവാലി വൽഅംഫുസി വസ്സമറാത്, വബശ്ശിരിസ്സ്വാബിരീനല്ലദീന ഇദാ അസ്വാബത്‌ഹും മുസീബതുൻ, ഖാലൂ ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ’

അതായത് അല്ലാഹു പറയുന്നു, ‘നാം ചിലപ്പോൾ നിങ്ങളെ ധനമോ ജീവനോ സന്താനങ്ങളോ വിളകളോ പോലുള്ളവയുടെ നഷ്ടങ്ങളാൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതാണ്. പക്ഷേ, അത്തരം സന്ദർഭങ്ങളിൽ ആരാണോ സഹനം കൈക്കൊള്ളുകയും കൃതജ്ഞരായിരിക്കുകയും ചെയ്യുന്നത് അവർക്ക് സന്തോഷവാർത്ത അറിയിക്കുക, അവർക്കായി അല്ലാഹുവിന്റെ കാരുണ്യ കവാടം തുറക്കപ്പെടുകയും ദൈവികകടാക്ഷമുണ്ടാവുകയും ചെയ്യുന്നതാണ്. അക്കൂട്ടർ അത്തരം ഘട്ടങ്ങളിൽ പറയുന്നത്: ‘ഞങ്ങളും ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ദൈവത്തിൽനിന്നുള്ളത് തന്നെയാകുന്നു. ഒടുക്കം മടങ്ങിച്ചെല്ലേണ്ടതും അവനിലേക്കുതന്നെയാണ്. അവരുടെ ഹൃദയങ്ങൾക്ക് നഷ്ടങ്ങളിൽ ഒരുതരത്തിലുള്ള ദുഃഖത്തിന്റെ പ്രഹരവുമേൽക്കുന്നില്ല. അവർ സംതൃപ്തിയുടെ മഖാമിൽ നിവസിക്കുന്നവരത്രേ. അവർ സഹനം കൈക്കൊള്ളുന്നവരാകുന്നു. സഹനശീലർക്കായി അത്യുന്നതനായ ദൈവത്തിന്റെ എണ്ണമറ്റ പാരിതോഷികങ്ങൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്.’

‘മുഹ്‌തദൂൻ’ എന്നതുകൊണ്ടുള്ള വിവക്ഷ, ആരാണോ അത്യുന്നതനായ ദൈവത്തിന്റെ ഇംഗിതങ്ങൾ ആശ്ലേഷിക്കുകയും അതനുസരിച്ച് കർമ്മങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നത് അവർ എന്നാണ്. അക്കൂട്ടർ തന്നെയാണ് ഔലിയാക്കൾ. അവർ തന്നെയാണ് ഖുതുബ് എന്നും ഗൗസ് എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നത്. അതിനാൽ നിങ്ങളും ആ ഉൽകൃഷ്ട പദവികൾ കരസ്ഥമാക്കാൻ അർഹത നേടുന്നതിനായി പരിശ്രമിച്ചുകൊൾവിൻ.

മഹത്വവാനായ ദൈവമാണെങ്കിൽ വളരെയധികം താഴ്ന്നുവന്നുകൊണ്ട് മനുഷ്യനോട് സൗഹൃദബന്ധത്തോടെയാണ് പെരുമാറുന്നത്. എന്താണ് സൗഹൃദബന്ധം? ചില സമയത്ത് ഒരു സുഹൃത്ത് തന്റെ അടുത്ത സുഹൃത്തിന്റെ വാക്കുകൾ കേൾക്കുന്നു. മറ്റുചില സമയത്ത് തന്റെ വാക്ക് മറ്റേ സുഹൃത്ത് അനുസരിക്കണമെന്ന് (ആഗ്രഹിക്കുന്നു).‌ എന്നതാണത്. അപ്രകാരം തന്നെയാണ് ദൈവവും ചെയ്യുന്നത്.‌ അവൻ അരുളുന്നു, ‘ഉദ്ഊനീ അസ്തജിബ്‌ലകും’, ഇദാ സഅലക ഇബാദീ അന്നീ ഫഇന്നീ ഖരീബ്’, ഉജീബു ദഅ്‌വതദ്ദായി ഇദാ ദആനീ’ ഈ സൂക്തങ്ങളിൽനിന്നൊക്കെ അവൻ മനുഷ്യന്റെ വാക്കുകൾ അംഗീകരിക്കുകയും ദുആകൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കാം. അടുത്തതായി ‘ഫൽ യസ്തജീബൂലീ വൽ യൂമിനൂബീ’, ‘വലനബ്‌ലുവന്നകും…’ തുടങ്ങിയ സൂക്തങ്ങളിൽനിന്ന് അവനുദ്ദേശിച്ച കാര്യങ്ങൾ മനുഷ്യനെകൊണ്ട് അംഗീകരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാം.

ചിലർ ഞങ്ങളുടെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് അവനെ കുറ്റം പറയുന്നു. അതുപോലെ ഇന്ന ദുആകൾ സ്വീകരിക്കപ്പെട്ടില്ലെന്ന് പറഞ്ഞു ഔലിയാക്കൾക്കുനേരെ ആരോപണമുന്നയിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ആ അവിവേകികൾ അല്ലാഹുവിന്റെ ഈ നിയമത്തെ കുറിച്ച് അജ്ഞരാണ്. അല്ലാഹുമായുള്ള പ്രസ്തുത സംസർഗ്ഗത്തിൽ അനുഭവസ്ഥരായവർക്ക് ഈ നിയമം നല്ലപോലെ അറിയാം. അല്ലാഹു അനുസരിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുന്നു എന്ന രണ്ട് മാതൃകകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനെ ഹൃദയംഗമമായി സ്വീകരിച്ചുകൊള്ളുക എന്നതാണ് സത്യവിശ്വാസം. നിങ്ങൾ ഒരുവശത്തേക്ക് മാത്രം സമ്മർദ്ദം ചെലുത്താതിരിക്കുവിൻ. നിങ്ങൾ ദൈവത്തെ നിഷേധിച്ചുകൊണ്ട് അവൻ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കാൻ തുനിയുന്നവരാകാതിരിക്കട്ടെ.

സത്യവിശ്വാസികളിൽ പരീക്ഷണഘട്ടം സ്ഥായിയായതോ സുദീർഘമായതോ അല്ല. പ്രത്യുത അവർക്കായി കാരുണ്യത്തിന്റെയും അനുരക്തിയുടെയും ആനന്ദത്തിന്റെയും നീരുറവ തുറന്നുവിടപ്പെടുന്നു. പ്രേമിക്കുന്നവർ തങ്ങളുടെ പ്രേമം മികച്ചുനിൽക്കുന്ന വേളയിലും അതിന്റെ വേദനകളിലും തന്നെയാണ് ആനന്ദം നുകരുന്നത്. ഒരു ശുഷ്കചിന്താഗതിയുള്ളവനെ ഇക്കാര്യം മനസ്സിലാക്കിക്കൊടുക്കുക പ്രയാസകരം തന്നെയാണ്.‌ പക്ഷേ, പ്രസ്തുത വഴിയിൽ കാലെടുത്തുവെച്ചവർ ഇക്കാര്യം നല്ലവണ്ണം ഗ്രഹിച്ചവരായിരിക്കും. അവർക്കാണെങ്കിൽ ആ വേദനകളുടെ ഘട്ടങ്ങളിൽ ലഭിക്കുന്നതുപോലുള്ള ആശ്വാസവും ആനന്ദവും സാധാരണ വിശ്രമത്തിലും സമാധാനാവസ്ഥയിലും ലഭ്യമാകുന്നില്ല.

(മൽഫൂദാത്ത് വാ.5, പേ. 199, 200)
➖➖➖➖➖➖➖➖➖➖➖

Leave a comment

Design a site like this with WordPress.com
Get started