എല്ലാ നബിമാരുടെയും പൊതുവായുള്ള നിയോഗോദ്ദേശ്യം (ജനങ്ങളിൽ) അല്ലാഹുവുമായി സത്യവും യഥാർത്ഥവുമായ സ്നേഹം സ്ഥാപിക്കപ്പെടുകയും മനുഷ്യകുലത്തോടും സഹോദർന്മാരോടുമുള്ള കടമകളിലും സ്നേഹബന്ധത്തിലും ഒരു സവിശേഷ നിറം സൃഷ്ടിക്കപ്പെടുകയും ചെയ്യുക എന്നതാകുന്നു. ഇവ സംഭവിക്കാത്തിടത്തോളം സകല കാര്യങ്ങളും വെറും ആചാരങ്ങൾ മാത്രമാണ്.
ദൈവവുമായുള്ള സ്നേഹത്തിന്റെ കാര്യമാണെങ്കിൽ ദൈവത്തിനു തന്നെയാണ് നല്ലവണ്ണം അറിയുക. പക്ഷേ ചില സംഗതികൾ മറ്റുചില സംഗതികളിലൂടെ തിരിച്ചറിയപ്പെടുന്നു. ഉദാഹരണത്തിനു, ഒരു വൃക്ഷച്ചുവട്ടിൽ പഴങ്ങൾ വീണുകിടക്കുന്നുവെങ്കിൽ വൃക്ഷത്തിന്റെ മുകളിലും പഴങ്ങളുണ്ടെന്ന് പറയാൻ സാധിക്കും. പക്ഷേ താഴെ കാണപ്പെടുന്നില്ലെങ്കിൽ മുകളിലത്തെ കാര്യം എങ്ങനെ ഉറപ്പിക്കും? അതുപോലെ മനുഷ്യകുലത്തോടും തന്റെ സഹോദരങ്ങളോടുമുള്ള ഐക്യത്തിന്റെയും സ്നേഹത്തിന്റെയും നിറമുണ്ടാവുകയും അത് ദൈവം നിശ്ചയിച്ച അളവോളം നിലനിർത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിൽനിന്ന് ദൈവത്തോടും സ്നേഹമുണ്ടെന്ന് അനുമാനിക്കാൻ സാധിക്കും. അതുകൊണ്ട് മനുഷ്യകുലത്തോടുള്ള കടമകളുടെ പാലനവും സഹോദരങ്ങളോടുള്ള സ്നേഹബന്ധവും ദൈവസ്നേഹത്തിന്റെ സുവിശേഷമാണ് അറിയിക്കുന്നത്.
നോക്കുവിൻ, ലോകം അല്പം ദിവസങ്ങൾക്കു വേണ്ടി മാത്രമുള്ളതാണ്. മുന്നിലും പിന്നിലുമുള്ള എല്ലാവരും മരണം വരിക്കുന്നവരാണ്. ഖബറുകൾ വായതുറന്നുവെച്ചുകൊണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. എല്ലാവരും അവരവരുടെ ഊഴം വന്നാൽ അതിൽ പ്രവേശിച്ചിടും. ആയുസ്സ് എത്രമാത്രം അനിശ്ചിതം! ജീവിതം എത്രമാത്രം നശ്വരം! ആറുമാസം അതല്ലെങ്കിൽ മൂന്നുമാസം വരെ ജീവിച്ചിരിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാൻ സാധിക്കും. ഒരു ചുവട് വെച്ചതിനുശേഷം അടുത്ത ചുവട് വെക്കാൻ ജീവിച്ചിരിപ്പുണ്ടാകുമോ എന്നുറപ്പില്ല. ഇപ്രകാരം മരണനിമിഷത്തെ കുറിച്ച് യാതൊരറിവും ഇല്ലാതിരിക്കുകയും അത് സുനിശ്ചിതവും മാറ്റപ്പെടാത്തതുമാണെങ്കിൽ പിന്നെ വിവേകികളുടെ കടമ അതിനുവേണ്ടി തയ്യാറായി നിൽക്കുക എന്നതാണ്. അതിനുവേണ്ടി തന്നെയാണ് വിശുദ്ധ ഖുർആൻ അരുളിയത്, _*ലാതമൂത്തുന്ന ഇല്ലാ വഅൻതും മുസ്‌ലിമൂൻ*_ (അൽബക്കറ 133) _(നിങ്ങൾ പൂർണ്ണമായും അനുസരണവലയത്തിൽ വരാത്ത നിലയിൽ ഒരിക്കലും മരിക്കാനിടവരരുത്)_
മനുഷ്യൻ സദാസമയവും അല്ലാഹു(തആല)യുമായി തന്റെ ബന്ധം പരിശുദ്ധമാക്കി വെക്കുകയും അവന്റെമേൽ കടമയാക്കപ്പെട്ട രണ്ട് ബാധ്യതകൾ പൂർത്തീകരിക്കുകയും ചെയ്യുന്നതുവരെ ലക്ഷ്യം സഫലീകൃതമാകുന്നില്ല. അതിൽ ഒന്ന് ദൈവത്തോടുള്ള കടമയും മറ്റൊന്ന് സൃഷ്ടികളോടുള്ള കടമയുമാകുന്നു.
_*സൃഷ്ടികളോടും സ്രഷ്ടാവിനോടും ഉള്ള കടമകൾ*_
സൃഷ്ടികളോടുള്ള കടമകൾ രണ്ടുതരമുണ്ട്. ഒന്ന് ദീനിയായ സാഹോദര്യമാണ്. അത് സ്വന്തം സഹോദരനോ പിതാവോ മകനോ ആയിരുന്നുകൊള്ളട്ടെ അവരിൽ ഒരു ദീനിയായ സാഹോദര്യബന്ധമുണ്ട്. രണ്ടാമത്തേത് പൊതുവിൽ മനുഷ്യകുലത്തോടുള്ള സത്യസന്ധമായ സഹാനുഭൂതിയാകുന്നു. അല്ലാഹുവിനോടുള്ള കടമകളിൽ ഏറ്റവും വലിയ കടമ അവന്റെ ആരാധന തന്നെയാണ്. ആ ആരാധന ഏതെങ്കിലും സ്വാർത്ഥ ലക്ഷ്യത്തിനുവേണ്ടി ആയിരിക്കരുത്. മറിച്ച് സ്വർഗ്ഗനരകങ്ങൾ ഒന്നും ഇല്ലെന്നുവന്നാൽ തന്നെയും ആരാധന നടത്തിക്കൊള്ളേണ്ടതാണ്. സ്രഷ്ടാവും സൃഷ്ടിയും
തമ്മിലുണ്ടായിരിക്കേണ്ട ആ വൈയക്തികമായ ബന്ധത്തിൽ ഒരു വ്യതിയാനവും വരാതിരിക്കണം. അതിനാൽ ആ കടമകൾക്കിടയിൽ സ്വർഗ്ഗനരകങ്ങളുടെ ചോദ്യമുദിക്കാൻ പാടില്ല.
മനുഷ്യകുലത്തോടുള്ള സഹാനുഭൂതിയുടെ കാര്യത്തിൽ എന്റെ ആദർശമിതാണ്, ശത്രുക്കൾക്കു വേണ്ടിയും ദുആ ചെയ്യാത്തിടത്തോളം പൂർണ്ണമായും ഹൃദയം പവിത്രമാകുന്നില്ല. _*'ഉദ്ഊനീ അസ്തജിബ് ലകും'*_ (മുഅ‌്മിൻ 61) _('എന്നെ വിളിച്ചു പ്രാർത്ഥിക്കുവിൻ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും)_ എന്ന ഈ ആയത്തിൽ ശത്രുക്കൾക്കുവേണ്ടി ദുആ ചെയ്താൽ ഞാൻ സ്വീകരിക്കുന്നതല്ല എന്ന നിബന്ധനയൊന്നും അല്ലാഹു വെച്ചിട്ടില്ല. മറിച്ച് ശത്രുക്കൾക്ക് വേണ്ടിയും ദുആ ചെയ്യൽ നബി(സ) തിരിമേനിയുടെ സുന്നത്താകുന്നു. ഹദ്റത്ത് ഉമർ (റ) അതിലൂടെത്തന്നെയാണ് മുസ്‌ലിമായിത്തീർന്നത്. നബികരീം(സ) തിരുമേനി അദ്ദേഹത്തിനുവേണ്ടി പലപ്പോഴും ദുആ ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് ഒരിക്കലും ലുബ്ധതയോടെയുള്ള ശത്രുത പ്രകടിപ്പിക്കുകയോ ക്ഷുദ്രസ്വഭാവി ആയിത്തീരുകയോ ചെയ്യരുത്. രണ്ടുമൂന്ന് തവണയെങ്കിലും ഞാൻ ദുആ ചെയ്തിട്ടില്ലാത്ത ഒരു ശത്രുപോലും എന്റെ ദൃഷ്ടിയിലില്ലെന്നതിൽ അല്ലാഹുവിനു സ്തുതി!
(മൽഫൂദാത്ത് വാ.3, പേ.95,96)