അഹങ്കാരം നമ്മുടെ മഹാ പ്രതാപവനായ ദൈവത്തിന്റെ ദൃഷ്ടിയിൽ കഠിനമായി വെറുക്കപ്പെട്ടതാകുന്നു













ഞാൻ എന്‍റെ ജമാഅത്തിനെ ഉപദേശിച്ചുകൊള്ളുന്നു, അഹങ്കാരത്തിൽ നിന്ന് രക്ഷപ്പെട്ടുകൊൾവിൻ! എന്തെന്നാൽ അഹങ്കാരം നമ്മുടെ മഹാപ്രതാപവാനായ ദൈവത്തിന്‍റെ ദൃഷ്ടിയിൽ കഠിനമായി വെറുക്കപ്പെട്ടതാകുന്നു! എന്നാൽ ഒരുപക്ഷേ നിങ്ങൾക്ക് *'അഹങ്കാരം'* എന്താണെന്നുള്ള ജ്ഞാനമില്ലായിരിക്കാം. എന്നിൽനിന്ന് അത് ഗ്രഹിച്ചുകൊൾവിൻ! ഞാൻ ദൈവിക ചൈതന്യത്താലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

🔺 തന്‍റെ സഹോദരനെ അപേക്ഷിച്ച് താൻ കൂടുതൽ ജ്ഞാനിയും വിവേകിയും സമർത്ഥനും (ആണെന്നുള്ള ധാരണയിൽ) അവനെ തരംതാണവനായി മനസ്സിലാക്കുന്ന ഏതൊരുത്തനും അഹങ്കാരിയാകുന്നു! എന്തെന്നാൽ അവൻ ദൈവത്തെ ബുദ്ധിയുടെയും പാണ്ഡിത്യത്തിന്റെയും ഉറവിടമാണെന്ന് മനസ്സിലാക്കിയില്ല. സ്വയം എന്തോ ഒന്നാണെന്ന് ഗണിച്ചിരിക്കുന്നു. അവനെ ഒരു മുഴുഭ്രാന്തനാക്കിത്തീർക്കാനും അവൻ എളിയവനായി ഗണിച്ച സഹോദരനു ബുദ്ധിയും പാണ്ഡിത്യവും സാമർത്ഥ്യവും നൽകാനും ദൈവം കഴിവുള്ളവനല്ലേ?!

🔺അപ്രകാരം തന്‍റെ സമ്പത്തിലോ അന്തസ്സിലോ ആഭിജാത്യത്തിലോ മേന്മനടിച്ച് തന്‍റെ സഹോദരനെ നിസ്സാരനായി മനസ്സിലാക്കുന്നവനും അഹങ്കാരിയാകുന്നു! എന്തെന്നാൽ ഈ അന്തസ്സും ആഭിജാത്യവും ദൈവം തന്നെയാണ് അവനു നൽകിയതെന്ന് അവൻ വിസ്മരിച്ചുകളഞ്ഞു. ഒരു ഞൊടിയിടയിൽ അവൻ അങ്ങേയറ്റം അധഃപതിച്ച അവസ്ഥയിലേക്ക് ആപതിക്കുന്ന വിപത്ത് അവനിൽ ഇറക്കാനും, അവൻ നിസ്സാരനായി ഗണിച്ച സഹോദരനെ അവനേക്കാൾ ഉന്നതമായ ധനവും സമ്പത്തും കൊണ്ട് അനുഗൃഹീതനാക്കാനും ശക്തനാണ് ദൈവമെന്ന് അന്ധനായ അവൻ മനസ്സിലാക്കിയില്ല.

🔺 അതുപോലെ തന്‍റെ ശാരീരികമായ ആരോഗ്യത്തിൽ ഗർവിഷ്ഠനായിക്കൊണ്ടോ തന്‍റെ ഭംഗിയിലും സൗന്ദര്യത്തിലും കഴിവിലും ശക്തിയിലും അഭിമാനിതനായിക്കൊണ്ടോ തന്‍റെ സഹോദരനെ നിന്ദയും പരിഹാസവും നികൃഷ്ടതയും നിറഞ്ഞ നാമത്താൽ വിശേഷിപ്പിക്കുകയും അവന്‍റെ ശാരീരിക വൈകല്യങ്ങളെ കുറിച്ച് ജനങ്ങളോട് പറയുകയും ചെയ്യുന്നവനും അഹങ്കാരിയാകുന്നു. ഒരു നിമിഷംകൊണ്ട് തന്‍റെ സഹോദരനേക്കാൾ ദുരിതപൂർണമായ ശാരീരിക വൈകല്യം അവനിൽ വരുത്താനും അവൻ പരിഹസിച്ച സഹോദരനു ക്ഷയിക്കാത്തതും വ്യർത്ഥമാകാത്തതുമായ ശക്തികൾ കാലങ്ങളോളം പകർന്നുനൽകാനും കെല്പുള്ളവനാണ് ദൈവമെന്ന് അവൻ അറിഞ്ഞില്ല. എന്തെന്നാൽ ദൈവം താൻ ഉദ്ദേശിക്കുന്നതെന്തും പ്രവൃത്തിക്കുന്നവനത്രെ!

🔺 അതേപ്രകാരം തന്‍റെ കഴിവുകളിൽ വിശ്വാസമർപ്പിച്ച് ദുആ ചെയ്യുന്നതിൽ അലസത കാണിക്കുന്നവനും അഹങ്കാരിയാകുന്നു! എന്തെന്നാൽ അവൻ ശക്തികളുടെയും കഴിവുകളുടെയും പ്രഭവകേന്ദ്രത്തെ തിരിച്ചറിഞ്ഞില്ല. സ്വയം എന്തോ ഒന്നാണെന്ന് മനസ്സിലാക്കിവെച്ചു.

അതുകൊണ്ട് അല്ലയോ പ്രിയപ്പെട്ടവരേ! നിങ്ങൾ ഈ മുഴുവൻ കാര്യങ്ങളും ഓർത്തുവെക്കുവിൻ! ഏതെങ്കിലും വശത്തൂടെ അല്ലാഹുവിന്‍റെ ദൃഷ്ടിയിൽ നിങ്ങൾ അഹങ്കാരികളായായി ഗണിക്കപ്പെടുകയും, എന്നിട്ട് നിങ്ങളത് തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ നിങ്ങൾക്ക് വന്ന് ഭവിക്കാതിരിക്കട്ടെ!

🔹 തന്‍റെ സഹോദരന്‍റെ വാക്കുകളിൽ വന്നുപോയ പിഴവ് അഹംഭാവത്തോടെ തിരുത്തുന്നവനും അഹങ്കാരത്തിൽ പങ്കുകൊണ്ടിരിക്കുന്നു.

🔹 തന്‍റെ സഹോദരന്‍റെ വാക്കുകൾ വിനയപൂർവ്വം ശ്രവിക്കാനിഷ്ടപ്പെടാതെ മുഖം തിരിച്ചുകളയുന്നവനും അഹങ്കാരത്തിൽ ഭാഗവാക്കായിരിക്കുന്നു.

🔹 ഒരു ദരിദ്രനായ സഹോദരൻ തന്‍റെ അടുത്തു വന്ന് ഇരിക്കുമ്പോൾ വെറുപ്പ് പ്രകടിപ്പിക്കുന്നവനും അഹങ്കാരത്തിൽനിന്ന് ഒരംശം കൈപറ്റിയിരിക്കുന്നു.

🔹 ദുആ ചെയ്യുന്നവനെ പുച്ഛത്താലും പരിഹാസദൃഷ്ടിയാലും വീക്ഷിക്കുന്നവനും അഹങ്കാരത്തിൽ പങ്കുകൊണ്ടിരിക്കുന്നു.

🔹 അല്ലാഹുവിന്റെ നിയോഗിതരെയും ദൂതന്മാരെയും പരിപൂർണ്ണമായി അനുസരിക്കാൻ താല്പര്യം കാണിക്കാത്തവനും അഹങ്കാരത്തിൽ നിന്ന് ഒരു പങ്ക് കരസ്ഥമാക്കിയിരിക്കുന്നു.

🔹 അതുപോലെ ദൈവനിയോഗിതരുടെയും ദൈവദൂതന്മാരുടെയും വാക്കുകൾ അതീവ ശ്രദ്ധയോടെ കേൾക്കാത്തവരും അവരുടെ ലിഖിതങ്ങൾ അത്യന്തം ഗൗരവത്തോടെ പാരായണം ചെയ്യാത്തവരും അഹങ്കാരത്തിൽനിന്ന്  ഒരു ഭാഗം കൈക്കലാക്കിയിരിക്കുന്നു.

ആയതിനാൽ അഹങ്കാരത്തിന്‍റെ ഒരുതരത്തിലുള്ള പങ്കും നിങ്ങളിലില്ലാതിരിക്കാൻ തീവ്രയത്നം നടത്തിക്കൊൾവിൻ! തദ്വാര നിങ്ങൾക്ക് നാശം സംഭവിക്കാതിരിക്കുകയും നിങ്ങളുടെ വീട്ടുകാരും കുടുംബവും സമേതം മോക്ഷം പ്രാപിക്കുകയും ചെയ്യുമാറാകട്ടെ!

പൂർണമായും ദൈവത്തിലേക്ക് ചാഞ്ഞുകൊൾവിൻ! ലോകത്ത് എത്രത്തോളം നിങ്ങൾക്ക് ആരെയെങ്കിലും സ്നേഹിക്കാൻ സാധിക്കുമോ അത്രത്തോളം അല്ലാഹുവിനെ സ്നേഹിക്കുവിൻ!
ലോകത്ത് എത്രകണ്ട് മനുഷ്യനു ആരെയെങ്കിലും ഭയപ്പെടാൻ സാധിക്കുമോ അത്രകണ്ട് തന്‍റെ ദൈവത്തെ ഭയപ്പെടുവിൻ!

പവിത്രഹൃദയനും പരിശുദ്ധ ഉദ്ദേശ്യമുള്ളവനും ദരിദ്രനും സാധുവും നിരുപദ്രവകാരിയും ആയിത്തീരുക! തന്മൂലം നിങ്ങളിൽ കരുണ ചൊരിയപ്പെടുമാറാകട്ടെ!

(നുസൂലെ മസീഹ് RK.v.18, p.402,403)
➖➖➖➖➖➖➖➖➖➖➖
ത്വാലിബെ ദുആ: അബു-അയ്മൻ
10/3/2017

Leave a comment

Design a site like this with WordPress.com
Get started