3⃣2⃣9⃣🌅🌅🌅🌅🌅🌅🌅🌅മഹ്ദി ഇമാം അലൈഹിസ്സലാംനൽകിയ അദ്ധ്യാപനങ്ങൾ➖➖➖➖➖➖➖➖➖➖➖



_*കള്ളം പറയുന്നതിൽനിന്ന് അകന്നുനില്ക്കുക*_(ഭാഗം - 1)

അല്ലാഹു(തആല) കളവിനെ നിജാസത്ത് എന്നാണ് വിളിച്ചിരിക്കുന്നത്. അതിൽനിന്നു രക്ഷപ്പെട്ടുകൊള്ളേണ്ടതാണ്.

*فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ*
_"ബിംബാരാധനയുടെ മാലിന്യത്തിൽനിന്ന് അകന്നുനിൽക്കുക; കള്ളം പറയുന്നതിൽനിന്നും അകന്നുനിൽക്കുക"_ (അൽഹജ്ജ് 31)

കളവിനെ ബിംബാരാധയുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നു. വിഡ്ഡിയായ മനുഷ്യൻ എപ്രകാരം അല്ലാഹുവിനെ ഉപേക്ഷിച്ച് കല്ലുകൾക്ക് മുന്നിൽ ശിരസ്സ് കുനിക്കുന്നുവോ അപ്രകാരം സത്യസന്ധതയും ഋജുമാർഗ്ഗവും കൈവെടിഞ്ഞ് തന്റെ കാര്യം സാധിക്കാൻ വേണ്ടി കളവിനെ ബിംബമായി പ്രതിഷ്ഠിക്കുന്നു. ഒരു ബിംബാരാധകൻ ബിംബത്തോട് മോക്ഷം യാചിക്കുന്നതുപോലെ കള്ളം പറയുന്നവൻ കളവിനെ ബിംബമാക്കിക്കൊണ്ട് അതുമുഖേന മോചനം ലഭിക്കുന്നതാണെന്ന് ധരിക്കുന്നു. എന്തുമാത്രം മാരകമായ ദൂഷ്യമാണത്. എന്തിനാണിങ്ങനെ ബിംബാരാധകനായിത്തീർന്നത്, ഈ മാലിന്യം കൈവെടിയുക! എന്ന് അവരോട് പറയപ്പെട്ടാൽ, എങ്ങനെ ഞങ്ങൾ ഉപേക്ഷിക്കും അതുകൂടാതെ ജീവിതം മുന്നോട്ട് പോകില്ലല്ലോ എന്നായിരിക്കും അവരുടെ മറുപടി. കളവിനെ തങ്ങളുടെ എല്ലാത്തിനുമുള്ള ക്രാന്തിവൃത്തമായി ഗണിക്കുന്നതിനേക്കാൾ വലിയ ദൗർഭാഗ്യത മറ്റെന്താണ്! എന്നാൽ ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നു, ഒടുക്കം സത്യം തന്നെ വിജയിക്കും; നന്മയും നേട്ടവും സത്യവാനോടൊപ്പമത്രെ.

ഞാൻ ഓർക്കുന്നു, ഒരിക്കൽ അമൃതസറിലേക്ക് ഞാനൊരു ലേഖനം അയച്ചു. അതിനോടൊപ്പം ഒരു കത്ത് കൂടിയുണ്ടായിരുന്നു. റലിയാറാമിന്റെ വകീലെ ഹിന്ദ് പത്രത്തെ സംബന്ധിച്ചായിരുന്നു അത്. എന്റെ ആ കത്ത് തപാൽ നിയമലംഘനമാണെന്ന് പറഞ്ഞ് എനിക്കെതിരിൽ കേസ് നൽകപ്പെട്ടു. കേസിൽനിന്ന് തടിയൂരാൻ കോടതിയിൽ അങ്ങനെയൊരു കത്തിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ഒഴിയുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് വക്കീൽമാരെല്ലാം അഭിപ്രായപ്പെട്ടു. കള്ളം പറയുകയല്ലാതെ വേറൊരു രക്ഷയുമില്ലെന്ന് സാരം. എന്നാൽ ഞാനത് ഒരുവിധത്തിലും ഇഷ്ടപ്പെട്ടില്ല. മറിച്ച് ഞാൻ പറഞ്ഞു, സത്യം പറയുന്നതുമൂലം ശിക്ഷ ലഭിക്കുകയാണെങ്കിൽ ലഭിച്ചുകൊള്ളട്ടെ. കള്ളം ഒരുകാരണവശാലും പറയുന്നതല്ല. ഒടുക്കം കോടതിയിൽ വിചാരണ തുടങ്ങി. തപാലുധ്യോഗസ്ഥൻ സ്വയം വാദിയുടെ രൂപത്തിൽ ഹാജരുണ്ടായിരുന്നു. എനിക്ക് പറയാൻ ലഭിച്ച അവസരത്തിൽ ഞാൻ കാര്യം ഉള്ളതുപോലെ തുറന്നുപറഞ്ഞു, അയച്ച വിഷയത്തിന്റെ തന്നെ ഭാഗമായി കരുതിക്കൊണ്ടാണ് അതിനോടൊപ്പം ആ എഴുത്തും വെച്ചത്. അല്ലാഹു(തആല) നൽകിയ വിവേകജ്ഞാനം മുഖേന മജിസ്റ്റ്രേറ്റിനു കാര്യം എളുപ്പം ബോധ്യമായി. തപാലുധ്യോഗസ്ഥൻ ആവുന്നത്ര ശക്തിചെലുത്തിയിട്ടും ഒന്നും സ്വീകരിക്കപ്പെട്ടില്ല. അവസാനം എന്നെ വെറുതെവിട്ടു. അപ്പോൾ കള്ളം പറയാതെ ഒരു നിവൃത്തിയുമില്ലെന്ന് ഞാനെന്തിന് പറയണം? അത്തരം കാര്യങ്ങൾ വെറും അപരിഷ്കൃതങ്ങളാകുന്നു. *'സത്യം'* കൂടാതെ യാതൊരു നിവൃത്തിയുമില്ലെന്നതാണ് പരമയാഥാർത്ഥ്യം! അല്ലാഹുവിന്റെ വശത്തെ മുറുകെ പിടിച്ച ആ സംഭവം ഓർക്കുമ്പോൾ ഞാനിന്നും പുളകം കൊള്ളാറുണ്ട്. അവൻ നമ്മെ പരിരക്ഷിക്കുകയുണ്ടായി. അതും ഒരു ദൃഷ്ടാന്തമായിത്തീർന്ന പരിരക്ഷണം. _*'മൻ തവക്കൽ അലല്ലാഹ് ഫഹുവ ഹസ്ബുഹൂ'*_ (65:4) _"തന്റെ കാര്യങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരാരോ അവന് അല്ലാഹു മതിയായവനാകുന്നു"_

നിശ്ചയമായും ഓർത്തുകൊൾക! അസത്യത്തോളം അശുഭകരമായി മറ്റൊന്നും തന്നെയില്ല. സത്യം പറയുന്നവർ പിടിക്കപ്പെടുന്നുവെന്ന് പൊതുവിൽ ലോകം ഘോഷിക്കുന്നു. ഞാനെന്തിനത് വിശ്വസിക്കണം? എനിക്കെതിരിൽ ഏഴ് കേസുകൾ ഉണ്ടായിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവയിൽ ഒന്നിൽപോലും എനിക്ക് കള്ളം പറയേണ്ടി വന്നിട്ടില്ല. ഏതെങ്കിലും ഒരു കേസിൽ അല്ലാഹു എനിക്ക് പരാജയമേകിയെന്ന് അർക്കാണ് പറയാൻ സാധിക്കുക. അല്ലാഹുവാണെങ്കിൽ സ്വയം സത്യത്തിന്റെ സംരക്ഷകനും സഹായിയുമത്രെ. അവൻ സത്യസന്ധനെ ശിക്ഷിക്കുമെന്നത് എങ്ങനെ സംഭവ്യമായിടും? അങ്ങനെയായിരുന്നെങ്കിൽ ലോകത്ത് സത്യം പറയാൻ ഒരാളും ഒരുമ്പെടില്ലായിരുന്നു. ദൈവത്തിലുള്ള വിശ്വാസംതന്നെ അപ്രത്യക്ഷമാവുകയും സച്ചരിതരെല്ലാം നിന്നനിൽപ്പിനു നാശമടയുകയും ചെയ്യുമായിരുന്നു.

യാഥാർത്ഥ്യമെന്തെന്നാൽ, ആർക്കെങ്കിലും സത്യം പറയുമ്പോൾ ശിക്ഷ ലഭിക്കുന്നുണ്ടെങ്കിൽ അത് സത്യസന്ധത മൂലം ലഭിക്കുന്നതല്ല. അത് അവന്റെ മറ്റുചില മറഞ്ഞിരിക്കുന്ന രഹസ്യ ദുർവൃത്തിക്കോ കളവിനോ ഉള്ള ശിക്ഷയത്രെ. അല്ലാഹുവിന്റെ പക്കലാണെങ്കിൽ അവന്റെ അപരാധങ്ങളുടെയും ദ്രോഹകൃത്യങ്ങളുടെയും വലിയൊരു ശൃംഖലതന്നെ (രേഖപ്പെട്ടു) കിടക്കുന്നുണ്ടാകും. അസംഖ്യമായ അവന്റെ ആ കുറ്റങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ ശിക്ഷ അവൻ പ്രാപിക്കുന്നു.

(മൽഫൂദാത്ത് വാ. 8, പ്രഭാഷണം 1905 ഡിസംബർ 27)
➖➖➖➖➖➖➖➖➖➖➖

Leave a comment

Design a site like this with WordPress.com
Get started